തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പരാതിക്കാരിയായ പെൺകുട്ടിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. പെൺകുട്ടിയുടെ പരാതി വ്യാജമെന്നും ആരോപണം. ഇൻസ്റ്റഗ്രാമിൽ റീച്ച് കൂട്ടാൻ വേണ്ടി പെൺകുട്ടി കള്ളപരാതി നൽകുകയായിരുന്നുവെന്നും ആരോപണം.
പെൺകുട്ടി ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞ് കൊണ്ടാണ് വീഡിയോ ചെയ്തത്. അപ്പോൾ തന്നെ മനസിലായിട്ടുണ്ട്, ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന്. മാത്രമല്ല ഈ പെൺകുട്ടി അടിവസ്ത്രം മാത്രമിട്ട് ജനശ്രദ്ധ പിടിച്ച് പറ്റാൻ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ബസിൽ വെച്ച് ഇത്തരമൊരു സംഭവം നടന്നാൽ കൂളായി പ്രതികരിക്കാൻ ഒരു പെൺകുട്ടിക്കും പറ്റില്ല. നടിക്കെതിരെ ഞങ്ങൾ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. അതിന് ശേഷം അവർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ വരാറില്ല’, അജിത് പറഞ്ഞു.
ജാമ്യം കിട്ടി പുറത്ത് വരുമ്പോൾ പ്രതി സവാദിന് സംഘടന സ്വീകരണം നൽകുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു അജിത്തിന്റെ പ്രതികരണം.
സവാദിന് ജാമ്യം കിട്ടിയിട്ടില്ല. ശനിയാഴ്ച പുറത്തിറങ്ങാൻ ആകുമെന്നാണ് കരുതുന്നത്. ആത്മഹത്യ മുൻപിൽ കണ്ടാണ് അയാൾ ജയിലിൽ നിന്ന് ഇറങ്ങാനിരിക്കുന്നത്. പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. അയാളുടെ കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. സവാദ് പൂർണമായും തളർന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഉള്ളത്’, അജിത് പറഞ്ഞു.
ജയിലിൽ കാണാൻ ചെന്നപ്പോൾ അയാൾ ഭക്ഷണം പോലും കഴിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പുറത്തിറങ്ങുമ്പോൾ ആളുകൾ എന്ത് പറയുമെന്ന ആശങ്ക അയാൾക്ക് ഉണ്ട്. അത് മാറ്റിയെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുക.
പലരെ കൊണ്ടും വിളിപ്പിച്ച് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അജിത് പറഞ്ഞു. ജനുവിൻ പരാതി ആയിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ചെയ്യാൻ നിൽക്കില്ല. പെൺകുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അഡ്വ ആളൂരാണ് തങ്ങൾക്ക് വേണ്ടി വാദിക്കുന്നതെന്നും അജിത് കുമാർ പറഞ്ഞു.
തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് യുവതിക്കെതിരെ കോഴിക്കോട് സ്വദേശിയായ സവാദ് നഗ്നത പ്രദർശനം നടത്തിയത്. പരാതിക്കാരിയായ പെൺകുട്ടിക്ക് സമീപത്ത് ഇരുന്ന് കൊണ്ടായിരുന്നു ഇയാൾ മോശമായി പെരുമാറിയത്. തുടർന്ന് പെൺകുട്ടി ഇയാളുടെ വീഡിയോ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടി. ഇതോടെ കണ്ടക്ടറും നാട്ടുകാരും ചേർന്ന് ഇയാളുടെ പിറകെ ഓടി പിടികൂടുകയായിരുന്നു.