ഹെൽത്ത് ഡെസ്ക്
വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റർ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു കാണാം. ലേഹ്യമായും ലേപനമായും ഗുളികരൂപത്തിലും തൈലമായും ഒക്കെ ഉപയോഗിക്കാവുന്നവ. ഇതു കണ്ടാൽ തോന്നും കേരളം ലൈംഗികശേഷിയില്ലാത്തവരുടെ കൂട്ടായ്മയാണെന്ന്.
ഇനി മെഡിക്കൽ ഷോപ്പ് ഉടമയോടു ചെറുതായൊന്നു ലോഹ്യം ചോദിച്ചു നോക്കൂ. പോസ്റ്റർ പതിപ്പിക്കാത്ത മറ്റു പത്തു ഔഷധങ്ങളുടെ പേരുകളെങ്കിലും അയാൾ പറയും. ഇവയുടെ വില്പന കണക്കുകൾ കൂടി കേട്ടാൽ അറിയാതെ തലയിൽ കൈവച്ചുപോകും. എല്ലാ ഔഷധങ്ങളും നന്നായി വിറ്റുപോകുന്നു. മികച്ച കമ്മീഷൻ ലഭിക്കുന്നു. ഔഷധ കമ്പനികൾ കോടികളുടെ ടേൺ ഓവർ നേടുന്നു.
ആയുർവേദവിപണിയിൽ ഏറ്റവും അധികം ആവശ്യക്കാരുള്ളത് ഉത്തേജക ഔഷധങ്ങൾക്കാണ്. മുടി വളർത്തുന്ന എണ്ണകൾക്കുപോലും ഇതിനു പിന്നിലാണു സ്ഥാനമെന്നു വില്പന കണക്കുകൾ പറയുന്നു. ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചു ലഭിക്കുന്ന ഫലത്തേക്കാൾ ഔഷധം മനസിനു നൽകുന്ന ആത്മവിശ്വാസമാണ് ഗുണം ചെയ്യുന്നതെന്നു പറയുന്നവരും കുറവല്ല. എന്നാൽ ഇത്തരം ഔഷധം ഉപയോഗിച്ചിട്ടും ഫലം ലഭിച്ചില്ലെന്ന് ആരും പരാതിയുമായി വരില്ലെന്ന ധൈര്യമാണ് ഔഷധനിർമാതാക്കളുടെ ആത്മവിശ്വാസത്തിനു ആധാരം.
ഉത്തേജക ഔഷധങ്ങൾ ആയുർവേദത്തിൽ വാജീകരണ വിഭാഗത്തിലാണു ഉൾപ്പെടുന്നത്. വാജീകരണ ഔഷധങ്ങളെക്കുറിച്ചു അയുർവേദ ഗ്രന്ഥങ്ങൾ ധാരാളമായി പറയുന്നുണ്ട്.
ലൈംഗികതയെ തിരിച്ചറിയുക
അനേകം ശാരീരികപ്രവർത്തനങ്ങളിൽ നമ്മൾ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒന്നാണു ലൈംഗികശേഷി. ഈ ശാരീരിക പ്രവർത്തനത്തിന്റെ പ്രാധാന്യം മനസിലാക്കിയതുകൊണ്ടു തന്നെ വിപണിയിൽ എളുപ്പവഴികളെന്നോണം ആയുർവേദ ഔഷധങ്ങളും സുലഭം. എന്നാൽ ലൈംഗികശേഷി മരുന്നുകൊണ്ടു മാത്രം എളുപ്പ ത്തിൽ നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല എന്നാണ് ആയുർവേദ ചികിത്സാവിധികൾ പറയുന്നത്.
ചിട്ടയായ ജീവിതവും ആരോഗ്യമുള്ള ശരീരവുമാണു ലൈംഗികശക്തിയുടെ അടിസ്ഥാനം. അതിനൊപ്പം ലൈംഗികമായ തൃഷ്ണയും ശേഷിയും കുറഞ്ഞവർക്കു ഔഷധങ്ങൾ കൊണ്ടു ലൈംഗികശക്തി വർധിപ്പിക്കുകയും ഉന്മേഷം വീണ്ടെടുക്കുകയും ചെയ്യുന്ന പ്രത്യേക ചികിത്സാവിഭാഗവും ആയുർവേദത്തിൽ വിവരിക്കുന്നുണ്ട്.
മനസിലെ സമ്മർദം ഒഴിവാക്കാം
പുരുഷന്റെ ലൈംഗികശേഷിയും ലൈംഗികശക്തിയും തൃപ്തിയും ശുകഌിന്റെ അളവ്, ബീജത്തിന്റെ ചലനശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മാനസികമായ തൃപ്തിക്കുറവ്, ഇണയോടുള്ള താത്പര്യമില്ലായ്മ, മനസിന്റെ സംഘർഷം, ഭയം, ശോകം, ആത്മവിശ്വാസക്കുറവ്, ശാരീരികമായ അസുഖങ്ങൾ, ലൈംഗികമായ അറിവില്ലായ്മ ഇവയെല്ലാം തന്നെ പുരുഷന്റെ ലൈംഗികപ്രകടനത്തെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
വാജീകരണ ചികിത്സയിലൂടെ പുരുഷന്റെ ലൈംഗികപ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വിപരീതസാഹചര്യങ്ങളെ മറികടക്കാനും വീണ്ടെടുത്ത ഉന്മേഷത്തോടെ പങ്കാളിയുമായി ലൈംഗികജീവിതം ആസ്വദിക്കുന്നതിനും സാധിക്കുന്നു.
ഹോർമോൺ വ്യതിയാനം വില്ലനാവാം
പുരുഷന്റെ ലൈംഗിക ബലഹീനതയുടെ കാരണങ്ങളിൽ മിക്കവയും സ്ത്രീയുടെയും ലൈംഗികശേഷിയെ ബാധിക്കുന്നവയാണ്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീകളിൽ ലൈംഗികപ്രശ്നങ്ങൾക്കു വഴിവയ്ക്കാം.
ആന്തരികവും ബാഹ്യവുമായ ലൈംഗികാവയവങ്ങളുടെ വികാസം സ്ത്രീകളുടെ ലൈംഗികശേഷിയിൽ പ്രധാനമാണ്. ഇതു പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് ആർത്തവവുമായാണ്. ആർത്തവം യഥാസമയത്തു തുടങ്ങുകയും ക്രമീകൃതമായിരിക്കുകയും വേണം. ലൈംഗികമായ താത്പര്യം, ശേഷി എന്നിവയിൽ സ്ത്രീകൾക്കു പ്രകടമായ കുറവു വരുന്ന ഘട്ടമാണ് ആർത്തവവിരാമഘട്ടം.
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഹാരത്തിലുള്ള ക്രമീകരണത്തിൽ ശ്രദ്ധിക്കണം. ആഹാരം കൊണ്ടു പ്രശ്നം പരിഹരിക്കാനാകുന്നില്ലെങ്കിൽ വാജീകരണചികിത്സ സ്ത്രീകൾക്കും ആവശ്യമായി വരും.
വാജീകരണചികിത്സയും ഉത്തേജക ഔഷധങ്ങളും
വാജീകരണചികിത്സയുടെ പ്രധാനലക്ഷ്യം ആരോഗ്യവാനായ ശിശുവിനു ജന്മം നൽകുക എന്നതാണ്. ശുക്ലത്തിന്റെ ഗുണവും അളവും വർധിപ്പിക്കുക, അണ്ഡാശയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, അതിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക, അതോടൊപ്പം ലൈംഗികജീവിതം ആസ്വദിക്കുക ഇവയെല്ലാമാണ് ഈ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
വാജീകരണൗഷധങ്ങൾ എല്ലാം തന്നെ ഓജസ്സിനെ വർധിപ്പിക്കുന്നവയാണ്. അതുവഴി പ്രതിരോധശക്തിയെ കൂട്ടുന്നതിനും ഈ ചികിത്സ സഹായിക്കുന്നു. ഈ ചികിത്സയ്ക്ക് മുൻപായി രോഗിക്കു ശരീരശുദ്ധി വരുത്തുത്തേണ്ടതുണ്ട്. വമനം, വിരേചനം, വസ്തി, മുതലായ ശോധനചികിത്സകൾ കൊണ്ട് ശരീരത്തെ ശുദ്ധി ചെയ്തശേഷം വേണം വാജീകരണൗഷധങ്ങൾ പ്രയോഗിക്കുവാൻ. ശോധനക്രിയയിൽ കഷായവസ്തി വാജീകരണ ഔഷധങ്ങൾ ചേർത്ത് ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. ആഹാരത്തിൽ മാറ്റം വരുത്തിയും മറ്റു ലളിതമായ രീതിയിലും വാജീകരണം സാധ്യമാണ്. അതിനു മധുരരസമുള്ളതും, സ്നിഗ്ദ്ധമായതും (ീശഹ്യ), പുഷ്ടിയെ ഉണ്ടാക്കുന്നതും, മനസിനെ ആഹഌദിപ്പിക്കുന്നതുമായ ദ്രവ്യങ്ങളെല്ലാം തന്നെ വാജീകരണത്തിന് ഉപയോഗിക്കാം.
വാജീകരണ ഔഷധങ്ങൾ: ആരോഗ്യവും ആത്മവിശ്വാസവും
ലൈംഗികതൃഷ്ണ, ഉത്തേജനം ഇവയെ മാത്രം ലക്ഷ്യം വച്ചല്ല വാജീകരണ ഔഷധങ്ങളെ ആയുർവേദശാസ്ത്രം വിവരിക്കുന്നത്. ജരാനരകളെ അകറ്റി യൗവനത്തെ നിലനിർത്തുക, രോഗപീഡകളെ അകറ്റി നിറുത്തുക, ഭൗതികസുഖങ്ങളെ ആസ്വദിക്കത്തക്ക വിധത്തിൽ ശരീരത്തെ ശക്തിപ്പെടുത്തുക, അതോടൊപ്പം ആരോഗ്യവും ബുദ്ധിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക ഇതെല്ലാമാണ് ഈ ചികിത്സയുടെ ഗുണഫലമായി ആയുർവേദം വിലയിരുത്തുന്നത്.
ശ്രദ്ധിച്ചുമാത്രം ഔഷധം
വാജീകരണചികിത്സയും വാജീകരണ ഔഷധങ്ങളും വൈദ്യസഹായത്തോടെ മാത്രം സ്വീകരിക്കേണ്ട ചികിത്സയാണ് . വൈദ്യനിർദേശം കൂടാതെ പരസ്യത്തിൽ മാത്രം വിശ്വസിച്ച് ഒരിക്കലും ഉത്തേക ഔഷധങ്ങൾ ഉപയോഗിക്കരുത്. അവ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വാജീകരണ ഔഷധങ്ങൾ എന്ന് ആധുനിക വൈദ്യശാസ്ത്രം വിധിക്കുന്ന പല ഔഷധങ്ങളും ആരോഗ്യപരമായി ഉപയോഗിക്കുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇത്തരം മരുന്നുകൾ ആദ്യകാലത്ത് ഉത്തേജനം ഉണ്ടാക്കുമെങ്കിലും ദീർഘകാലത്തെ ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയ്ക്കെല്ലാം കാരണമാകും. കാലക്രമേണ ഇവ ലൈംഗികശേഷിയെ തന്നെ ബാധിക്കും. ഇവയുടെ പാർശ്വഫലങ്ങൾ മറ്റു രോഗാവസ്ഥകളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അതിനാൽ മാർക്കറ്റിൽ കിട്ടുന്ന ഉത്തേജന ഔഷധങ്ങൾ അപകടമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവ ഉപയോഗിക്കുന്നതിന് മുമ്പു വൈദ്യോപദേശം സ്വീകരിക്കുകയും അതനുസരിച്ച് അവനവന് അനുയോജ്യമായ ഔഷധം തെരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം.