പുതുപ്പള്ളി :
എസ്എഫ്ഐ കോട്ടയം ജില്ലാ പഠന ക്യാമ്പിന് പാമ്പാടി ആർ ഐ ടി ക്യാമ്പസിൽ തുടക്കമായി.കോവിഡ് പശ്ചാത്തലത്തിൽ രണ്ട് ഏരിയകളിൽ രണ്ട് മേഖലകളായാണ് ക്യാമ്പ് നടക്കുന്നത് പുതുപ്പള്ളി ഏരിയയിൽ നടന്ന ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ഉദ്ഘാടനം ചെയ്തു.കോവിഡാനന്തര കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണങ്ങളിലേക്ക് കലാലയങ്ങളെ പരുവപ്പെടുത്തുകയെന്ന ഉത്തരവാദിത്വമാണ് എസ്എഫ്ഐ ക്ക് നിർവഹിക്കുവാനുള്ളതെന്ന് വി എ വിനീഷ് പറഞ്ഞു. കോട്ടയം , പുതുപ്പള്ളി, അയർക്കുന്നം, വാഴൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പൂഞ്ഞാർ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.ആർഐടി ക്യാമ്പസിൽ രാവിലെ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ പതാക ഉയർത്തിയതോടെ ക്യാമ്പിന് തുടക്കമായി.കോവിഡാനന്തരകാല സംഘടന എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് ക്ലാസ് നയിച്ചു.
ബാലസംഘം ജില്ലാ കൺവീനർ ബി.ആനന്ദകുട്ടൻ (മാർക്സിയൻ ദർശനം), എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ ( മതം, ജാതി, വർഗ്ഗീയത) എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ടി പി രഹ്ന സബീന( ലിംഗനീതിയുടെ സാഹചര്യങ്ങൾ ) എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം റെജി സഖറിയാ (സമരോത്സകതയുടെ 50 ആണ്ടുകൾ) എന്നിവർ ക്ലാസ്സുകൾ നയിച്ചു.ജില്ലാ സെക്രട്ടറി എം എസ് ദീപക് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ വിഷ്ണു , ദയാ സാബു എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ രണ്ടാം ദിനമായ ശനിയാഴ്ച കടുത്തുരുത്തിയിൽ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ കമ്മിറ്റികളിലെ പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.