തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസത്തില്‍ എസ്എഫ്ഐയുമായി ബന്ധമുള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിന്‍. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ സദാചാര ഗുണ്ടയെന്ന് മുദ്രകുത്താന്‍ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ലെന്നും വിജിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി ഞങ്ങളുടേതല്ലെന്നു വിജിന്‍ പറയുന്നു.
എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് പൂര്‍ണരൂപം
ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ.സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതും എസ്എഫ്ഐ ആണ്.2012ല്‍ പാലക്കാട് നടന്ന എസ്എഫ്ഐയുടെ 31മത് സംസ്ഥാന സമ്മേളനവും 2015ല്‍ തൃശൂരില്‍ നടന്ന 32മത് സംസ്ഥാന സമ്മേളനവും സദാചാര പൊലീസിങ്ങിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് .മനുഷ്യത്വരഹിതമായ ഇത്തരം പ്രവണതകള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന ആഹ്വാനം ഉള്‍ക്കൊള്ളുന്ന രണ്ടു പ്രമേയങ്ങള്‍ എസ്എഫ്ഐ അംഗീകരിക്കുകയും ചെയ്തു.
ഫാസിസിസത്തിനെതിരെ നടന്ന ജനാധിപത്യസമരങ്ങളെപ്പോലും ക്രൂരമായി വേട്ടയാടുന്ന വര്‍ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകള്‍ക്ക് എതിരെയും കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐ അനേകം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എസ്എഫ്‌ഐയും അതിന്റെ നയങ്ങളും നിലപാടുകളും പ്രത്യയശാസ്ത്രപരമായി കപടസദാചാര ബോധത്തിന് എതിരാണ്. ഇന്ത്യയില്‍ ട്രാന്‍സ്ജെന്റേഴ്സിന് ആദ്യമായി മെമ്പര്‍ഷിപ്പ് നല്‍കിയ പ്രസ്ഥാനം എസ്എഫ്ഐ ആയിരുന്നു.സംസ്ഥാനത്തു പലയിടങ്ങളില്‍ ഉണ്ടായ സദാചാര ക്രൂരതകളെ അതാതു സമയങ്ങളില്‍ തുറന്നു കാട്ടുന്ന പ്രതിഷേധ കൂട്ടായ്മകളും ,സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുള്ള പ്രസ്ഥാനമാണ് എസ്എഫ്ഐ.എന്നാല്‍ എസ്എഫ്ഐയെ സദാചാര ഗുണ്ടകള്‍ എന്ന് മുദ്രകുത്താന്‍ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ല.എസ്എഫ്ഐയുമായി ബന്ധമുള്ള ആരെങ്കിലും ഈ വിഷയത്തില്‍ ഉണ്ടെങ്കില്‍ പരിശോധിക്കുകയും,നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി ഞങ്ങളുടേതല്ല.