ശബരിമല സ്ത്രീപ്രവേശന കേസിലെ റിട്ട് ഹര്‍ജികള്‍ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. എല്ലാ കേസുകളും തുറന്ന കോടതിയില്‍ കേള്‍ക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തുക. അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.
ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും വിധിക്കെതിരായി ഇതിനോടകം വന്നിട്ടുണ്ട്. ഈ മാസം 28 വരെയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള സമയം.വാദം കേള്‍ക്കുന്ന തീയതി ഇന്നു പറയാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അഭിഭാഷകന്‍ ശബരിമല വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്ന് നിലപാടെടുത്തു.പ്രവേശനം നിഷേധിക്കപ്പെട്ട ഒരു യുവതി പോലും കോടതിയെ സമീപിച്ചിട്ടില്ലെന്നും, വിധി അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിധിയെ തുടര്‍ന്നുളള ക്രമസമാധാനപ്രശ്‌നവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം നേരത്തേ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കില്‍ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. കുറഞ്ഞത്, പ്രാഥമികമായി കേസ് പരിഗണിക്കേണ്ട മൂന്നംഗ ബെഞ്ചിന്റെ കാര്യത്തിലെങ്കിലും ആദ്യം കോടതി തീരുമാനം അറിയിക്കുമെന്നാണ് സൂചന.