ജസ്നയ്ക്ക് പിന്നാലെ ഷബ്നയും; അപ്രത്യക്ഷയായിട്ട് 8 ദിവസം  

ജസ്‌നയ്ക്ക് വേണ്ടി ഒരു വശത്ത് തിരച്ചില്‍ പുരോഗമിക്കവേ കൊല്ലത്ത് നിന്ന് മറ്റൊരു പെണ്‍കുട്ടിയെ കൂടി കാണാതായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജസ്‌നയെ പോലെ തന്നെ ഒരു സുപ്രഭാതത്തിലാണ് ഷബ്‌ന എന്ന 17കാരി മുസ്ലീം പെണ്‍കുട്ടിയും അപ്രത്യക്ഷമായിരിക്കുന്നത്. വീട്ടില്‍ നിന്ന് പോയ ഷബ്‌നയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. ഷബ്‌ന തിരോധാനവുമായി ബന്ധപ്പെട്ട പുറത്ത് വരുന്ന വിവരങ്ങള്‍ ദുരൂഹമാണ്. കൊല്ലം അഞ്ചാലുമൂട് നീരാവില്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായിട്ട് എട്ട് ദിവസങ്ങളാകുന്നു.

ഇക്കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഷബ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. പിഎസ് സി കോച്ചിംഗ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ഷബ്‌ന പിന്നെ വീട്ടിലേക്ക് തിരികെ വന്നിട്ടില്ല. ഷബ്‌ന അന്നത്തെ ദിവസം ക്ലാസ്സില്‍ എത്തിയിരുന്നുവെന്ന കാര്യം അധ്യാപകരും സഹപാഠികളും സ്ഥിരീകരിക്കുന്നു.
എന്നാല്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയ ഷബ്‌നയ്ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. എങ്ങോട്ട് പോയെന്നോ ആര്‍ക്കൊപ്പം പോയെന്നതോ അഞ്ജാതം. ഷബ്‌ന തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. പോലീസ് കൊല്ലത്ത് വിശദമായ അന്വേഷണവും നടത്തി. പോലീസ് അന്വേഷണത്തില്‍ മനസ്സിലായത് കോളേജില്‍ നിന്നിറങ്ങിയ ഷബ്‌ന കൊല്ലം ബീച്ചിലേക്ക് പോയിരുന്നു എന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീച്ചിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ വിവരം മനസ്സിലായത്. ഷബ്‌ന ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചത്. ഷബ്‌നയുടെ ചെരിപ്പും ബാഗും പോലീസ് ബീച്ചില്‍ നിന്ന് കണ്ടെടുത്തതോടെ തിരോധാനത്തില്‍ ദുരൂഹതയേറി. ഷബ്‌നയെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ പോലീസ് കടലിലും തെരച്ചില്‍ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അതിനിടെ ഷബ്‌നയുടെ ബന്ധുവും അടുപ്പക്കാരനുമായ യുവാവിലേക്കും സംശയമുനകള്‍ നീളുന്നു. ഈ യുവാവുമായി ഷബ്‌നയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇക്കാര്യം വീട്ടുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് അറിഞ്ഞത് എന്നുമാണ് വിവരം.

ഷ്ബനയെ കാണാതാവുന്നതിന് മൂന്ന് ദിവസം മുന്‍പ് ഈ യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു. അതിന് പിന്നാലെയാണ് ഷബ്‌നയെ കാണാതാവുന്നത്. ഈ യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രയോജനകരമായ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷബ്‌ന രഹസ്യമായി ഒരു ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും ഇക്കാര്യം വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം ഈസ്റ്റ് പോലീസാണ് ഷബ്‌നയെ കാണാതായ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.വര്‍ക്കല വരെ ഷബ്‌നയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി. എന്നാല്‍ ഷബ്‌നയെക്കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചില്ല.

ഷബ്‌നയുടെ സുഹൃത്തുക്കളായ ചിലരെ ഉള്‍പ്പെടെ ചോദ്യം ചെയ്തുവെങ്കിലും ആ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിന് ഒരു ഉത്തരവും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.  അതിനിടെ ഷബ്‌നയെ കണ്ടെത്താനുള്ള അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് പോലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതിയും നല്‍കിയിട്ടുണ്ട്. ജസ്‌നയെ പോലെ തന്നെ ഷബ്‌നയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

Top