മുംബൈ: ഷാരൂഖ് ഖാനെ കാണാന്‍ നാടുവിട്ട പെണ്‍കുട്ടികളെ താരത്തിന്റെ വീടിനു സമീപത്തുനിന്നും കണ്ടെത്തി.സൂപ്പര്‍താരത്തെ നേരില്‍ കാണാനായി വീട്ടില്‍ നിന്ന് ഓടിപ്പോന്ന ആറ് പെണ്‍കുട്ടികളെയാണ് താനെ, കല്ല്യാണ്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ നാസിക് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളെല്ലാം 12-നും 15-നും മധ്യേപ്രായമുള്ളവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്ന് പ്രശ്‌സതമായ നന്തൂരി ക്ഷേത്രത്തിലെത്തിയ കുട്ടികള്‍ അവിടെ നിന്ന് നാസിക് റെയില്‍വേ സ്റ്റേഷനിലെത്തുകയും ശതാബ്ദി എക്‌സ്പ്രസ്സില്‍ മുംബൈയിലെ ദാദറിലേക്ക് പോരുകയും ചെയ്തു. ഇവിടെ നിന്നാണ് ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിലേക്ക് പെണ്‍കുട്ടികളെത്തിയത്. ഷാരൂഖ്ഖാനെ എങ്ങനെയും കാണുക എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ നാസിക്കില്‍ നിന്ന് പുറപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ക്ക് സിനിമാതാരങ്ങളോട് വലിയ ആരാധനയാണെന്ന് കുട്ടികളുടെ കുടുംബാഗംങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഇതോടെയാണ് നാസികില്‍ നിന്നും പെണ്‍കുട്ടികളെ തേടി പൊലീസ് സംഘം മുംബൈയിലെത്തിയത്. കുട്ടികള്‍ക്കായി റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തിയ പൊലീസ് സംഘം ഒടുവില്‍ ഇവരെ ബാന്ദ്രയിലെ ഷാരൂഖിന്റെ വീട്ടിനടുത്ത് വച്ച് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ നാസിക്കിലേക്ക് തിരികെ കൊണ്ടു വന്നു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കുടുംബാഗംങ്ങള്‍ക്ക് കൈമാറിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്.ഐ സുഭാഷ് ചന്ദ്ര ദേശ്മുഖ് അറിയിച്ചു.