സ്വന്തം ലേഖകൻ
ഒരു കാലത്ത് മലയാള സിനിമയുടെ രോമാഞ്ചമായിരുന്നു ഷക്കീല. സൂപ്പർ താര ചിത്രങ്ങളടക്കം പരാജയങ്ങലിൽ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോൾ ഇൻഡസ്ട്രിക്ക് താങ്ങായത് ഷക്കീല ചിത്രങ്ങളുടെ വിജയങ്ങളായിരുന്നു പിന്നീട് മാർക്കറ്റിടിഞ്ഞതോടെ ഫീൽഡൗട്ടായെങ്കിലും ഇന്നും ഷക്കീല ആരാധകരുടെ ഹരം തന്നെയാണ്.
സമീപ കാലത്ത് സൂപ്പർ താര ചിത്രങ്ങളിലടക്കം വേഷമിട്ട് സിനിമയിലേക്ക് തിരികെ എത്തിയ ഷക്കീല ഇപ്പോൾ വാർത്തകളിൽ നിറയുന്നത് പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയാണ്. ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചിട്ടുണ്ടെന്നാണ് ഷക്കീല തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ആ ബന്ധങ്ങളെ കണ്ടതെന്നും ഷക്കീല വെളിപ്പെടുത്തുന്നു.
എന്നാൽ എല്ലാ ബന്ധങ്ങളും അവസാനിച്ചത് പരാജയത്തിലായിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഒരു നല്ല പ്രണയത്തിനായി കാത്തിരിക്കുകയാണ് ഷക്കീല. പേരും പ്രശസ്തിയും, പണവും കുറഞ്ഞതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപൊയെന്നും ഷക്കീല വെളിപ്പെടുത്തുന്നു. തൻറെ ജീവിതം ഉപയോഗിച്ച് സൗഭാഗ്യങ്ങൾ സ്വന്തമാക്കിയ കുടുംബാംഗങ്ങൾ പോലും കൈവിട്ടു.
താൻ സമ്പാദിച്ച പണമെല്ലാം ചേച്ചിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. അതെല്ലാം ചേച്ചി സ്വന്തമാക്കിയതോടെ വാടക വീട്ടിലാണ് തൻറെ താമസമെന്നും ഷക്കീല പറയുന്നു. പതിനായിരം രൂപ വാടകയുള്ള വീട്ടിലാണ് ഇപ്പോൾ ഷക്കീല താമസിക്കുന്നത്. എന്നാൽ എന്തൊക്കെ ദുരിതങ്ങളുണ്ടായെങ്കിലും ഒരിക്കലും താൻ തെറ്റായ രീതിയിൽ ജീവിച്ചിട്ടില്ലെന്നും, അങ്ങനെ ജീവിച്ചിരുന്നെങ്കിൽ തൻറെ അക്കൗണ്ടിൽ കോടികളുണ്ടാകുമായിരുന്നുവെന്നും ഷക്കീല വെളിപ്പെടുത്തി. ഇപ്പോൾ ആയിരം രൂപ പോലും തനിക്ക് സമ്പാദ്യമില്ലെന്നും ഷക്കീല പറഞ്ഞു.