മുംബൈ∙ ഇന്നലെയുടെ ബോളിവുഡ് സൗന്ദര്യതാരം ഷക്കില(82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വീട്ടിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നടത്തി. അൻപതുകളിലും അറുപതുകളിലും ഹിന്ദി ചലച്ചിത്രലോകത്തെ മിന്നും നായികമാരിലൊരാളായിരുന്നു ഷക്കില.1954ലിറങ്ങിയ ‘ആർ പാറിലെ’ നർത്തകിയുടെ വേഷമാണ് ഷക്കിലയെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തയാക്കിയത്. തുടര്‍ന്നാണ് പ്രശസ്തമായ ‘സിഐഡി’ എന്ന ചിത്രത്തിലും അഭിനയിക്കുന്നത്. 1962ലിറങ്ങിയ ഹിറ്റ് ചിത്രം ‘ചൈന ടൗണി’ൽ ഷമ്മി കപൂറിനൊപ്പം അഭിനയിച്ചിരുന്നു. 1960ലിറങ്ങിയ ‘ശ്രീമാൻ സത്യവതി’യിൽ രാജ്കപൂറിനൊപ്പവും അഭിനയിച്ചു.
14 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അൻപതിലേറെ സിനിമകള്‍– ദാസ്താൻ, സിന്ദ്ബാദ് ദ് സെയ്‌ലർ, ആഘോഷ്, ഷഹൻഷാ, രാജ് മഹൽ, അർമാൻ, ബാബുജി ദീരേ ചൽന, ടവർ ഹൗസ്, ലാൽപാരി, രൂപ്കുമാരി, പോസ്റ്റ് ബോക്സ് നമ്പർ 999 തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ.
1963ൽ പുറത്തിറങ്ങിയ ‘ഉസ്താദോം കേ ഇസ്താദ്’ ആണ് നായികയായി അഭിനയിച്ച അവസാന ചിത്രം. 1935 ജനുവരി ഒന്നിനായിരുന്നു ഷക്കിലയുടെ ജനനം. ബാദ്ഷാ ബീഗം എന്നായിരുന്നു ആദ്യകാലത്തെ പേര്. ഷക്കിലയ്ക്കൊപ്പം സഹോദരിമാരായ നൂര്‍, നസ്‌റീൻ എന്നിവരും ചലച്ചിത്ര മേഖലയിലുണ്ടായിരുന്നു.
1963ൽ വിവാഹിതയായ ശേഷം യുകെയിലായിരുന്നു ഷക്കിലയുടെ ജീവിതം. പിന്നീട് മുംബൈയിലേക്ക് തിരിച്ചെത്തിയ ഇവർ ‘ഹം ഇന്തസാർ കരേംഗേ’(1989)യിലും രാജ്‌ദ്രോഹി (1993)യിലും അഭിനയിച്ചു.