കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എംവി നികേഷ് കുമാറിനും ഭാര്യയും അവതാരതകയുമായ റാണി നികേഷ് കുമാറിനുമെതിരെ തട്ടിപ്പ് കേസില്‍ ജാമ്യം നിഷേധിച്ച് കോടതി വിധി. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. ജഡ്ജി വി ജി അനില്‍കുമാറാണ് രണ്ട് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി ഉടമയയും മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ലാലിയ ജോസഫ് തന്റെ ഓഹരി നികേഷ് കുമാറും ഭാര്യ റാണിയും വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്നാരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നികേഷിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കമ്പനി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച് സാക്ഷികളില്‍ നിന്നും മൊഴിയെടുത്ത് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തി.
ഇതേ തുടര്‍ന്ന് തൊടുപുഴ പൊലീസ് നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ പണം തട്ടിയെടുക്കല്‍, വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നികേഷും ഭാര്യ റാണിയും തൊടുപുഴ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു.കേസില്‍ ലാലിയ ജോസഫിന് വേണ്ടി അഡ്വ.പിഎസ് ഈശ്വരന്‍ ഹാജരായി. ഇരുഭാഗത്തിന്റെയും വാദം കേട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് പറയാനിരുന്ന 2016 മാര്‍ച്ച് 28ന് നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദ് ചെയ്യാനുള്ള ഹര്‍ജി നല്‍കി താല്‍ക്കാലിക സ്റ്റേ വാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ മത്സരിക്കാനൊരുങ്ങുന്ന സമയത്തായിരുന്നു ഇത്. നികേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേട്ടു. 2016 ഡിസംബര്‍ 21ന് നികേഷിന്റെ ഹര്‍ജി തള്ളി ഉത്തരവായി. ലാലിയ ജോസഫിന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തര്‍ക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര കോടിയോളം രൂപ പണമായും 10 കോടി ആസ്തിയുള്ള ഭൂമികള്‍ ഈടായും നല്‍കി ലോണെടുത്തു നല്‍കുകയുമാണ് ലാലിയ ചെയ്തത്. എന്നാല്‍ ഇതിന് ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നല്‍കിയിരിക്കുകയും ചെയ്ത സംഭവമാണ് കോടതിയില്‍ എത്തിയത്.
ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്രകാരം ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നല്‍കി. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകള്‍ ഈടുനല്‍കുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനല്‍ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടര്‍മാര്‍ എന്നാണ് തുടക്കത്തില്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേര്‍ന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അര്‍ഹതപ്പെട്ട ഓഹരി നല്‍കാതിരിക്കുകയും പിന്നീട്, നല്‍കിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
നടത്തിപ്പുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതയും മറ്റുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും കമ്പനി നിയമപ്രകാരമുള്ള പരിഹാരനടപടികള്‍ നേടാന്‍ മാത്രമാണ് പരാതിക്കാരിക്ക് അവകാശമുള്ളൂവെന്ന കമ്പനിയുടെ വാദം ഹൈക്കോടതി തള്ളിയിരുന്നു. കമ്പനി രേഖകള്‍ പരിശോധിക്കാനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടായിരുന്നു എന്നും വിവരങ്ങള്‍ യഥാസമയം അറിഞ്ഞിരുന്നില്ലെന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്നുമുള്ള കമ്പനിയുടെ വാദവും കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.
നികേഷ് കുമാറിനെയും ഭാര്യ റാണി വര്‍ഗീസിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത്, റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് നിയമാനുസൃതം അന്വേഷണം നടത്തണമെന്നായിരുന്നു ലാലിയയുടെ കേസിനാസ്പദമായ ഹര്‍ജി. ചിക്കിങ് ഫാസ്റ്റ് ഫുഡ് ഉടമ എ.കെ.മന്‍സൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ തനിക്ക് അര്‍ഹതപ്പെട്ട ഓഹരികള്‍ നികേഷ് കുമാര്‍ നല്‍കിയില്ലെന്ന് കാണിച്ചും അധികാര ദുര്‍വിനിയോഗം ചെയ്തു എന്ന് കാണിച്ചും ചെന്നൈ കമ്പനി ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി നിലവിലുണ്ട്. 8 കോടി രൂപയാണ് എകെ മന്‍സൂര്‍ റിപ്പോര്‍ട്ടര്‍ ടിവി ആരംഭിക്കുന്നതിന് നിക്ഷേപിച്ചത്. മന്‍സൂറിന് 750 രൂപ നിരക്കില്‍ ഓഹരി നല്‍കുകയും അതിന് കുറച്ചുദിവസം മുമ്പ് 100 രൂപ നിരക്കില്‍ നികേഷ് ഓഹരി സ്വന്തമാക്കുകയും ചെയ്തുവെന്നാണ് മന്‍സൂറിന്റെ പരാതിയിലെ പ്രധാനപ്പെട്ട വിഷയം. മന്‍സൂറിന്റെ ഹര്‍ജിയില്‍ ചെന്നൈ കമ്പനി ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ നികേഷ് കുമാര്‍ കൈമാറുന്നതും ഓഹരിഘടനയില്‍ മാറ്റം വരുത്തുന്നതും ചെന്നൈ കമ്പനി ലോ ബോര്‍ഡ് തടഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതല്‍ ഇവിടെ നിക്ഷേപിച്ചവര്‍ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ചിക്കിങ് മുതലാളി മന്‍സൂര്‍ ചെന്നൈ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികള്‍ മന്‍സൂറിന് ലഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിയന്ത്രണം മന്‍സൂറിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് നികേഷ് കുമാര്‍ നടത്തിയ ഓഹരി തട്ടിപ്പിന്റെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.