ന്യൂഡല്‍ഹി: പാകിസ്ഥാനിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങും വഴിയാണ് പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ലാഹോറില്‍ ഇറങ്ങുന്നതിനു മുന്‍പായി പ്രധാനമന്ത്രി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ശുഭസൂചനയെന്ന് പാക്കിസ്ഥാന്‍. ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് മോദി–ഷെരീഫ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അജിസ് ചൗധരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ ഇരു നേതാക്കളും തീരുമാനിച്ചു. നല്ല അയല്‍ക്കാരായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി പാക്ക് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സ്വകാര്യ വസതി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ കൊച്ചുമകളുടെ വിവാഹ ചടങ്ങില്‍ പങ്കു ചേരുകയും ചെയ്തതിനു ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. പാക് പ്രധാനമന്ത്രിയോടൊപ്പം ഊഷ്മളമായ സായാഹ്നം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നാണ് തന്‍റെ സന്ദര്‍ശനത്തെ കുറിച്ച് മോദി പ്രതികരിച്ചത്. സ്വീകരിക്കാനും യാത്രയാക്കാനും അദ്ദേഹം വന്നതും ഏറെ സ്പര്‍ശിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു.
ലാഹോറിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ഹെലികോപ്റ്ററില്‍ ഷെരീഫിന്റെ വസതിയിലേക്ക് പോയി. ഇവിടെ വച്ച് ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഷെരീഫിന്റെ കുടുംബാംഗങ്ങളും മോദിക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സ്വീകരണത്തില്‍ പങ്കെടുത്തു. 12 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുന്നുന്നത്.ഇതൊരു ഉഭയകക്ഷി ചര്‍ച്ചയല്ലെന്നും തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നുമാണ് സൂചന. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഷെരീഫിന് നേരിട്ട് ആശംസകള്‍ അറിയിക്കാനാണ് മോദി എത്തിയത്. ടെലിഫോണിലൂടെ നേരത്തെ മോദി പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. ഇന്ത്യ–പാക്ക് ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം.