പ്രണയ വഞ്ചനയ്ക്ക് പ്രതികാരമായി കൊലപാതകം; ഇന്ത്യന്‍ ഡ്രൈവറുടെ മരണത്തിന് ഉത്തരവാദികളായ രണ്ട് വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

ഷാര്‍ജ: പ്രണയ വഞ്ചന കാണിച്ച വീട്ട് ഡ്രൈവറെ കൊലപ്പെടുത്തിയകേസ്സില്‍ വീട്ടു ജോലിക്കാരികളായ രണ്ട് സ്ത്രീകള്‍ക്ക് ഷാര്‍ജ ശരീഅ കോടതി വധശിക്ഷ വിധിച്ചു. ഇന്ത്യയില്‍ നിന്നും ഡ്രൈവര്‍ ജോലിക്കായി എത്തിയ ആളാണ് കൊലചെയ്യപ്പെട്ടത്. 2014 ഒക്ടോബറിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. തങ്ങളെ രണ്ടുപേരെയും ഒരേ സമയം കാമുകിമാരാക്കി വഞ്ചന കാണിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു ഇരുവരും ചേര്‍ന്ന് കൊല നടത്തിയത്. ഇവര്‍ മൂന്ന് പേരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.
കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുരുക്കിയായിരുന്നു കൊല. പ്രതികളില്‍ ഒരാള്‍ ഫിലിപ്പൈനിയും മറ്റെയാള്‍ ഇന്തോനേഷ്യക്കാരിയുമാണ്. ഷാര്‍ജ ഖറൈനിലെ ഇമാറാത്തിയുടെ വീട്ടിലാണ് കൊലനടന്നത്. പരസ്പരം അറിയിക്കാതെ ഇരുവരുമായും ബന്ധം പുലര്‍ത്തിയിരുന്നതിനൊപ്പം, ഇന്തോനേഷ്യക്കാരിയെ ഭീഷണിപ്പെടുത്തി തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നതും യുവതികളെ പ്രതികാരത്തിന് പ്രേരിപ്പിച്ചു. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ കോടതിയിലെത്തിയിരുന്നു.

Top