ഷാര്‍ജയില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ച് ഭരണാധികാരി; 600 മില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജ്  

 

 

ഷാര്‍ജ : എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഷാര്‍ജ ഭരണാധികാരി ശമ്പള വര്‍ധന പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ദുബായ് ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധനവിനായി 600 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം നവാഗതനായ ബിരുദധാരിക്ക് നേരത്തെ 17,500 ദിര്‍ഹമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കില്‍ പുതിയ നിരക്ക് അനുസരിച്ച് 18,500 ദിര്‍ഹം ലഭിക്കും. അതായത് ആയിരം ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. 2018 ജനുവരി ഒന്നുമുതലാണ് ശമ്പളപരിഷ്‌കരണം പ്രാബല്യത്തിലാവുക. പക്ഷേ എട്ടാം ഗ്രേഡിന് താഴെ തരംതിരിക്കപ്പെടാത്ത ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ എമിറേറ്റ് പൗരന്‍മാര്‍ക്കേ ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. ഒന്നാം ഗ്രേഡിലുള്ളവര്‍ക്ക് 30500 ദിര്‍ഹമായിരിക്കും ശമ്പളം. അതായത് 21,375 ദിര്‍ഹം അടിസ്ഥാന ശമ്പളവും 7125 ദിര്‍ഹം അലവന്‍സും ആയിരിക്കും. രണ്ടാം ഗ്രേഡിലുള്ളവര്‍ക്ക് 28,500 ദിര്‍ഹവും മൂന്നാം ഗ്രേഡിലുള്ളവര്‍ക്ക് 25,000 ദിര്‍ഹവും ശമ്പളം ലഭിക്കും. ജീവനക്കാരുടെ പെന്‍ഷനിലും വര്‍ധനവ് പ്രഖ്യാപിച്ചതായി മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖദേം അറിയിച്ചു.

Top