തിരുവനന്തപുരം :പ്രണയത്തിൽ വിഷം ചാലിച്ച കൊലപാതകം ! നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍ രാജ് എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തതു കാമുകി തന്നെ . പാറശാല ഷാരോൺ വധക്കേസിൽ നാളെ വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ച് വിധി പറയുന്നത് .022 ഒക്‌ടോബർ 14ന് ആണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത് .
ഏറെ കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകൻ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.
സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലീസ് കണ്ടെത്തി. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികൾ. വിഷം കൊടുക്കൽ, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തെന്നു തെളിഞ്ഞതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായർക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. 2022 ഒക്‌ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മജിസ്‌ട്രേറ്റ് ലെനി തോമസ് ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ലാസ് കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. ‘പാരക്വറ്റ്’ എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ന്നിരുന്നതെന്നു വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തു.
ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലീസിനോടു പറഞ്ഞിരുന്നു. തന്നെ ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി.
2022 ഒക്‌ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി.ഷാരോണ്‍രാജ് (23) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19-ാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 25-ാം തീയതി ഷാരോണ്‍ മരിച്ചു. കുടുംബത്തിന്റെ പരാതിയിൽ, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
ഒക്‌ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം പൊലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു. ഇതിനിടെ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍നിന്ന് അണുനാശിനി കുടിച്ച് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മ തന്നെ ചതിച്ചെന്നും താന്‍ മരിച്ചു പോകുമെന്നും ഷാരോണ്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്നപ്പോള്‍ കരഞ്ഞു പറഞ്ഞുവെന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായുള്ള വിവാഹം അടുത്തു വരുന്നതിനിടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്.
ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസില്‍ വിഷം ചേര്‍ത്ത് ‘ജൂസ് ചാലഞ്ച്’ നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂ. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത്. വിഷത്തിന്റെ പ്രവര്‍ത്തനരീതി അന്നു രാവിലെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്നു ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്തു കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.