ജാലിയന്‍ വാലാബാഗ് ക്രൂരതയ്ക്ക് 2019 ല്‍ നൂറാം വാര്‍ഷികം; ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ശശി തരൂര്‍

ന്യുഡല്‍ഹി:ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും നിഷ്ഠൂരമായ സംഭവമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. കേണല്‍ ഡയറിന്റെ നേതൃത്വത്തില്‍ 1919 ഏപ്രില്‍ 13ന് ബ്രിട്ടീഷുകാര്‍ നടത്തിയ വെടിവയ്പ്പില്‍ 1500 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഈ അരുംകൊലയ്ക്ക് ബ്രിട്ടന്‍ ഇന്ത്യക്കാരോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ശശി തരൂര്‍ എംപി മുമ്പേ രംഗത്തെത്തിയിരുന്നു.
ഈ കൊടുംപാതകത്തില്‍ ബ്രിട്ടന് മാപ്പ് പറയാന്‍ ഏറ്റവും അനുയോജ്യമായ വര്‍ഷം 2019 ആണെന്നു പറഞ്ഞാണ് തരൂര്‍ ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കാരണം കൂട്ടക്കൊലയുടെ 100-ാം വാര്‍ഷികമാണ് 2019.കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നവേളയില്‍ തന്റെ പുസ്തകമായ ഏന്‍ ഈറ ഓഫ് ഡാര്‍ക്ക്‌നെസ്; ദി ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തിലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയോ രാജകുടുംബാംഗങ്ങളോ ജാലിയന്‍ വാലാബാഗില്‍ വന്ന് തങ്ങള്‍ ചെയ്ത തെറ്റിന് ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നാണ് തരൂര്‍ പറഞ്ഞത്. ഇതോടൊപ്പം തങ്ങള്‍ ഇന്ത്യ ഭരിച്ച കാലത്ത് ഇവിടുത്തെ ജനതയോട് ചെയ്ത് പോയ എല്ലാ തെറ്റുകള്‍ക്കും മാപ്പപേക്ഷിക്കണമെന്നും തരൂര്‍ പറഞ്ഞു.

ബ്രിട്ടീഷ് രാജാധികാരത്തിന്റെ കീഴിലാണ് എല്ലാ തെറ്റുകളും സംഭവിച്ചിരിക്കുന്നത്, തെറ്റ് സമ്മതിക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ലെങ്കിലും ബ്രിട്ടന്‍ അതിനു തയ്യാറാവുന്നില്ലയെന്നും തരൂര്‍ പറഞ്ഞു. തങ്ങള്‍ക്ക് പറ്റിപ്പോയ തെറ്റിനെ കാര്‍പെറ്റിനടിയില്‍ ഒളിപ്പിച്ച് മുഖം രക്ഷിക്കാനാണ് ബ്രിട്ടന്‍ ഇതുവരെ ശ്രമിച്ച് വന്നിരിക്കുന്നതെന്നും ചരിത്രപരമായ മറവിയാണ് ഇക്കാര്യത്തില്‍ ബ്രിട്ടന്‍ നടിക്കുന്നതെന്നും തരൂര്‍ ആരോപിക്കുന്നു. തങ്ങളുടെ ഭരണകാലത്ത് ഇത്തരത്തില്‍ ചെയ്ത് കൂട്ടിയ പാതകങ്ങളെ മറന്ന് കൊണ്ട് തങ്ങുടെ കോളനിഭരണകാലത്തിന് കാല്‍പനികത്വം ചാര്‍ത്തിക്കൊടുക്കാനാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോളനിക്കാലത്തെ ക്രൂരമായ ചെയ്തികളെ മഹത്തായ ഒരു കാര്യമായി ചിത്രീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നുണ്ടെന്നും എഴുത്തുകാരന്‍ കൂടിയായ തരൂര്‍ കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു നൂറ്റാണ്ടിലേറെക്കാലം ഇന്ത്യക്കാരോട് ചെയ്ത തെറ്റുകള്‍ക്ക് ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്തതില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും തരൂര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഇത്തരം ചെയ്തികള്‍ക്ക് പിന്നീട് മാപ്പ് പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷ് കോളനിഭരണാകാലത്ത് ഇന്ത്യയുടെ ദുരവസ്ഥയാണ് തരൂര്‍ തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നത്.
2014ല്‍ നടന്ന കൊമഗാട്ടമാറു സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും കാനഡയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ ഇതില്‍ ഖേദം പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു . അന്ന് ഇപ്പറഞ്ഞവരെ വാന്‍കൂവര്‍ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് മടക്കി അയച്ച സംഭവത്തിലാണ് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം മാപ്പുപറയാന്‍ ട്രൂഡോ തയ്യാറായതെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ നിന്നു കൊള്ളയടിച്ച മുതലാണ് ബ്രിട്ടീഷുകാര്‍ അനുഭവിക്കുന്നതെന്ന പ്രസ്താവനയും ആവര്‍ത്തിക്കാന്‍ തരൂര്‍ മറന്നില്ല. 2015ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ താന്‍ നടത്തിയ പ്രസംഗവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തരൂര്‍ പറയുന്നു. തരൂരിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തു കഴിഞ്ഞു.

Top