നിലയ്ക്കലില്‍ നിന്നും കാല്‍നടയായാണ് ഭക്തര്‍ പമ്പയിലേക്ക് പോകുന്നത്. എന്നാല്‍ ഭക്തരെ എപ്പോള്‍ മലകയറാന്‍ അനുവദിക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ പൊലീസ് തടഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശത്തിന് രഹസ്യനീക്കമെന്ന് ശശികല ആരോപിച്ചു. മൂന്നുപേര്‍ രഹസ്യമായി ശബരിമല പരിസരത്തെത്തിയതായി സംശയമുണ്ട്. എരുമേലിയിലും നിലയ്ക്കലിലും എന്തുപ്രശ്‌നമുണ്ടായിട്ടാണ് ഭക്തരെ തടയുന്നതെന്നും ശശികല ചോദിച്ചു. എരുമേലിയിലും നിലയ്ക്കലും തടഞ്ഞിരുന്ന ഭക്തരെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പമ്പയിലേക്ക് പോകാന്‍ അനുവദിച്ചത്.
എരുമേലിയില്‍ നിന്ന് നിലയ്ക്കലിലേക്ക് നിയന്ത്രിതമായി വാഹനങ്ങള്‍ കടത്തിവിടുന്നുമുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് തുടങ്ങിയതും ഭക്തര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ബസ് സ്റ്റേഷനില്‍ ഭക്തര്‍ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തിയശേഷമാണ് ബസുകള്‍ പുറപ്പെടാന്‍ തയാറായത്. ഒന്‍പതു മണിവരെ പമ്പയില്‍ തടഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തിവിട്ടു. എന്നാല്‍ തന്ത്രിയെയും മേല്‍ശാന്തിയെയും കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവരെ കാണാനെത്തിയ മാധ്യമങ്ങളെ സന്നിധാനത്ത് തടയുകയും ചെയ്തു. യഥാര്‍ത്ഥ അയ്യപ്പഭക്തരെ മാത്രം പമ്പയിലേക്ക് കടത്തവിടാന്‍ പൊലീസ് പത്തനംതിട്ട, വടശേരിക്കര, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി.
സംശയം തോന്നുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മലചവിട്ടാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തിനാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചയയ്ക്കുമെന്നും പൊലീസ് മുന്നറിപ്പ് നല്‍കുന്നുണ്ട്. അന്‍പതുവയസുപിന്നിട്ട 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. നടപ്പന്തലിലാണ് മുതിര്‍ന്ന വനിതാപൊലീസുകാരെ വിന്യസിച്ചത്. സ്ത്രീകളായ കൂടുതല്‍ ഭക്തര്‍ എത്തിയാല്‍ നിയന്ത്രിക്കുന്നതിനാണ് ഈ ക്രമീകരണം.