ശീനാ ബോറ കൊലക്കേസ്‌: ചുരുളഴിയുന്നത്‌ കൊലപാതക പരമ്പരകള്‍ എന്നു സൂചന

മുംബൈ: ശീനാ ബോറയെ കൊലപ്പെടുത്തിയ മാതാവ് ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസിന്‍െറ തിരോധാനത്തിലും ദുരൂഹത. 10 വര്‍ഷമായി സിദ്ധാര്‍ഥ് ദാസിനെ കുറിച്ച് ഒരു വിവരവുമില്ളെന്ന് അദ്ദേഹത്തിന്‍െറ സഹോദരന്‍ ശാന്തനു ദാസ് പറഞ്ഞു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുംബൈ പൊലീസ് സംഘം അസമിലെ സില്‍ച്ചറിലത്തെിയിട്ടുണ്ട്. ശീന ബോറയും മിഖായേലും സിദ്ധാര്‍ഥ് ദാസിന്‍െറ മക്കളാണെന്നും ശാന്തനു അവകാശപ്പെട്ടു. ഇതേ അവകാശ വാദം ഇന്ദ്രാണിയുടെ പിതാവ് ഉപേന്ദ്രകുമാര്‍ ബോറയും ഉന്നയിച്ചിട്ടുണ്ട്.
1991ലാണ് സിദ്ധാര്‍ഥ് ദാസുമായി ഇന്ദ്രാണിയുടെ വിവാഹം നടന്നത്. വിവാഹബന്ധം അധികനാള്‍ നീണ്ടില്ളെന്നും ഇരുവരും വഴിപിരിഞ്ഞെന്നുമാണ് പറയപ്പെട്ടിരുന്നത്. ശീനയും മിഖായേലും പഠിക്കുന്നകാലത്ത് കാമുകനില്‍ ഉണ്ടായതാണെന്നും സിദ്ധാര്‍ഥ് ദാസുമായി വിവാഹം നടക്കുമ്പോള്‍ ശീനക്ക് രണ്ടും മിഖായേലിന് ഒരു വയസ്സുമായിരുന്നുവെന്നുമാണ് നേരത്തേ പറഞ്ഞുകേട്ടത്.
ശീനയുടെ കൊലപാതകത്തിനു പിന്നിലെ കാരണം ദുരൂഹമായി തുടരുന്നതുപോലെ ശീന, മിഖായേല്‍ എന്നിവരുടെ പിതൃത്വവും ദുരൂഹമാണ്. അസമിലത്തെിയ പൊലീസ് സംഘം ശാന്തനുദാസിനെ ചോദ്യംചെയ്യുന്നതിനൊപ്പം ഇന്ദ്രാണിയുടെ പൂര്‍വകാലം അന്വേഷിക്കുകയും ചെയ്യും. ശീനാ ബോറയുടെ പിതാവ് ആരെന്നു കണ്ടുപിടിക്കുകയാണ് പൊലീസിന്‍െറ ദൗത്യങ്ങളിലൊന്ന്. ഇന്ദ്രാണി വിദ്യാര്‍ഥിയായിരിക്കെ കാമുകനുമായുള്ള ബന്ധത്തില്‍ ഉണ്ടായതാണ് ശീനയെന്നും അതല്ല, അവര്‍ക്ക് രണ്ടാനച്ഛനിലുണ്ടായതാണെന്നുമുള്ള കഥകള്‍ പുറത്തുവന്നിരുന്നു.
തന്‍െറ രണ്ടാനച്ഛനില്‍ മാതാവിനുണ്ടായ മക്കളാണ് ശീനയും മിഖായേലുമെന്നാണ് ഇന്ദ്രാണി നിലവിലെ ഭര്‍ത്താവ് ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയെയും കുടുംബത്തെയും ധരിപ്പിച്ചത്.
താന്‍ ചെറുപ്പത്തില്‍ രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ടതായി ഇന്ദ്രാണി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ താന്‍ രണ്ടാനച്ഛനല്ല ഇന്ദ്രാണിയുടെ പിതാവുതന്നെയാണെന്ന് അസമിലെ സുന്ദര്‍പുരില്‍ കഴിയുന്ന ഉപേന്ദ്രകുമാര്‍ ബോറ പ്രതികരിച്ചു. ശീനയോട് തനിക്ക് വെറുപ്പായിരുന്നുവെന്നാണ് ചോദ്യംചെയ്യലിനിടെ ഇന്ദ്രാണി മൊഴിനല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, വെറുപ്പിനുള്ള കാരണങ്ങള്‍ വ്യക്തമല്ല. ശീനയെയും മിഖായേലിനെയും ഇല്ലാതാക്കുകയായിരുന്നു ഇന്ദ്രാണിയുടെ ലക്ഷ്യമെന്നും അതിന് മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ പ്രലോഭിപ്പിച്ച് ഒപ്പംകൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ശീനയെ കൊന്ന ദിവസം മിഖായേലിനെയും കൊല്ലാനായിരുന്നു പദ്ധതി. ജഡം കൊണ്ടുപോകാന്‍ രണ്ടു പെട്ടികളും വാങ്ങിയിരുന്നു. മിഖായേലിന്‍െറ ജഡം കൊണ്ടുപോകാനായി വാങ്ങിയതെന്ന് കരുതുന്ന പെട്ടി പീറ്റര്‍ മുഖര്‍ജിയുടെ ഗാരേജില്‍നിന്ന് പൊലീസ് കണ്ടത്തെി. മിഖായേലിനെ മുമ്പും രണ്ടു തവണ വിഷം നല്‍കി കൊല്ലാന്‍ ഇന്ദ്രാണി ശ്രമിച്ചതായും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മിഖായേലിനെ മനോരോഗിയായി ചിത്രീകരിക്കാന്‍ ഇന്ദ്രാണി ഡോക്ടറുടെ സഹായം തേടിയതായും പൊലീസ് പറഞ്ഞു. ഒരിക്കല്‍ പുണെയിലെ മനോരോഗ ആശുപത്രിയില്‍ മിഖായേലിനെ തടവിലാക്കിയതായും പറയുന്നു. അതേസമയം, ഇന്ദ്രാണി മുഖര്‍ജിയെയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെയും ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംമനോഹര്‍ റായിയെയും പൊലീസ് റായ്ഗഢിലെ ഗാഗൊഡെ ഖുര്‍ദിലേക്ക് കൊണ്ടുപോയി തെളിവെടുത്തു.
2012 ഏപ്രിലില്‍ കാറില്‍വെച്ച് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശീനയുടെ ജഡം ഗാഗൊഡെ ഖുര്‍ദിലെ വിജനമായ സ്ഥലത്തുകൊണ്ടുപോയി കത്തിച്ചെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്. കൊല്ലാന്‍ കൂട്ടുനിന്നിട്ടില്ളെന്നു അവകാശപ്പെട്ട സഞ്ജയ് ഖന്ന ജഡം നശിപ്പിക്കാന്‍ കൂട്ടുനിന്നതായി സമ്മതിച്ചിരുന്നു.
എന്നാല്‍, ഇന്ദ്രാണി കുറ്റം സമ്മതിച്ചിട്ടില്ല. 2012 മേയ് 23 ഗാഗൊഡെ ഖുര്‍ദില്‍ കത്തിക്കരിഞ്ഞ ജഡം കണ്ടത്തെിയ സ്ഥലത്തുനിന്ന് ഞായറാഴ്ച നിരവധി സിറിഞ്ചുകള്‍ കണ്ടത്തെിയിട്ടുണ്ട്.

Top