മുംബൈ: ഷീന ബോറ കൊലപാതകം സിനിമാ കഥ പോലെ നീളുകയാണ്. എന്നാല്‍, ഇത്തവണ നിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള വെളിപ്പെടുത്തലാണ് ഉണ്ടായത്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയാണ് വെളിപ്പെടുത്തിയത്.
പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകത്തിലെ തന്റെ പങ്കിനെക്കുറിച്ചും ഇയാള്‍ കോടതിയോട് വ്യക്തമാക്കി. സത്യം വെളിപ്പെടുത്താന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായും ശ്യാംവര്‍ കോടതിയോട് പറഞ്ഞു. കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ടു.
സത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞാഴ്ച രണ്ടുപേജുള്ള കത്ത് ശ്യാംവര്‍ റായ് കോടതിക്ക് എഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
2012 ഏപ്രില്‍ 24നാണ് ഷീനബോറ കൊല്ലപ്പെട്ടത്. സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായ ഇന്ദ്രാണി തന്റെ ആദ്യ ജീവിത പങ്കാളിയായ സിദ്ധാര്‍ഥ് ദാസിലുള്ള മകളായ ഷീന ബോറ(24)യെ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെയും ഡ്രൈവര്‍ ശ്യാംറായിയുടെയും സഹായത്തോടെ കൊലപ്പെടുത്തി വനപ്രദേശത്ത് കത്തിച്ചശേഷം മറവു ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി (43), മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരാണു കേസിലെ മുഖ്യപ്രതികള്‍.