സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഷീന ബോറ വധകേസിൽ പ്രതിയായ സ്റ്റാർ ടി.വി മുൻ സി.ഇ.ഒ പീറ്റർ മുഖർജി ജീവിതത്തിൽ ധാർമികത പുലർത്തിയിരുന്നില്‌ളെന്ന് മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. പീറ്റർ നിരവധി യുവതികളുമായി ബന്ധം പുലർത്തിയിരുന്നു. രാത്രികാല പാർട്ടികളും അന്യ സ്ത്രീ ബന്ധവും ആസ്വദിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിൽ യാതൊരു ധാർമികതയും പാലിക്കാത്ത പീറ്റർ മുഖർജിയെ അക്കാരണത്താൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസിൽ സി.ബി.ഐ രഹസ്യസാക്ഷിയായ അവർ വെളിപ്പെടുത്തിയത്.
സി.ബി.ഐ സാക്ഷി മൊഴി ഡിഫൻസ് കൗൺസെലിൽ സമർപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ രഹസ്യ സാക്ഷിയുടെ പേരു വിവരംവെളിപ്പെടുത്തരുതെന്ന് കോടതി കേന്ദ്ര എജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിവാഹമോചനത്തിനു ശേഷം പീറ്റർ മുഖർജി ഇന്ദ്രാണിയെ പരിചയപ്പെടുത്തുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റു സ്ത്രീകളോടെന്നപോലെ ഹ്രസ്വകാലത്തിനു ശേഷം അവരുമായി പരിയുമെന്നാണ് കരുതിയത്.
എന്നാൽ കുറച്ചു നാളുകൾ ശേഷം ഇന്ദ്രാണി തന്നെ വിളിക്കുകയും പീറ്ററിൽ നിന്നുള്ള ജീവനാംശ തുക നിശ്ചിതപ്പെടുത്തി അറിയിക്കണമെന്നും അന്യായമായ തുക ആവശ്യപ്പെടടരുതെന്ന് പറയുകയും ചെയ്തിരുന്നു. അന്ന് തന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ദ്രാണിയെ താക്കീത് ചെയ്യുകയാണുണ്ടായതെന്നും അവർ മൊഴി നൽകി.
അതേസമയം, പീറ്ററിൻറെ അഭിഭാഷകൻ മിഹിർ ഗീവാല സാക്ഷിമൊഴി തള്ളി. കേസിൽ സാക്ഷി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേസിൽ ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെ ജാമ്യാപേക്ഷയിലുള്ള വാദം നടക്കുകയാണ്.