മുംബൈ :മകള്‍ ഷീന ബോറ മരിച്ചിട്ടില്ലെന്നും അവള്‍ യുഎസില്‍ ജീവിച്ചിരിപ്പുണ്ടെന്നും തന്നെ വെറുക്കുന്നതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തയാറാവാത്തതെന്നും ഇന്ദ്രാണി മുഖര്‍ജി . ചോദ്യം ചെയ്യലിനിടെയാണ് ഇന്ദ്രാണി ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഷീന യുഎസിലേക്ക് പോയതായി ഇന്ദ്രാണി പറയുന്ന സമയത്തെ യാത്രക്കാരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചു തുടങ്ങി.
മകള്‍ മരിച്ചിട്ടില്ലെന്ന് ഇന്ദ്രാണി; പച്ചക്കള്ളമെന്ന് പൊലീസ്
മൂന്നു വര്‍ഷമായി ഷീന ബോറ യുഎസിലുണ്ടെന്നാണ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഇന്ദ്രാണി പറഞ്ഞിരുന്നത്.ഷീനയുടെ മൊബൈല്‍ ഫോണ്‍ ഇന്ദ്രാണി ഒരു വര്‍ഷത്തോളം ഉപയോഗിച്ചിരുന്നതായും ഷീനയുടെ പേരില്‍ വ്യാജ കത്തുകളെഴുതിയതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഷീനയുടെ ഓഫീസിലേക്ക് വ്യാജ രാജിക്കത്തും അയച്ചിരുന്നു. കത്ത് തയാറാക്കാന്‍ ഇന്ദ്രാണി ഉപയോഗിച്ച ലാപ്പ്‌ടോപ്പ് കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇന്ദ്രാണി കള്ളം പറയുകയാണെന്നും ഷീന ബോറ കൊല്ലപ്പെട്ടിരിക്കാമെന്നും തന്നെയാണ് പൊലീസ് നിഗമനം. വനപ്രദേശത്തിലേക്ക് മൃതദേഹം കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്യൂട്ട്‌കേസുകള്‍ ഞായറാഴ്‌ച പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഷീനയുടേതെന്നു കരുതപ്പെടുന്ന തലയോട്ടിയും കഴിഞ്ഞയാഴ്‌ച പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിയുന്തോറും ഇന്ദ്രാണി മുഖര്‍ജിയുടെ ഇന്നലെകളും ചര്‍ച്ചയാകുന്നു. ഉപേന്ദ്രകുമാര്‍ ബോറ തന്റെ വളര്‍ത്തച്ഛനാണെന്ന് ഇന്ദ്രാണിയും, അല്ല സ്വന്തം പിതാവുതന്നെയെന്നു ബോറയും പറയുന്നതില്‍ നിന്നു തന്നെ ബാല്യകാലം മുതലേ അവരുടെ ജീവിതം സങ്കീര്‍ണമായിരുന്നുവെന്നു വ്യക്തമാകുന്നതായി മനഃശാസ്ത്രജ്ഞരടക്കമുള്ളവര്‍ വിലയിരുത്തുന്നു.
കൂടുതല്‍ സ്വപ്നങ്ങളുമായി മുംബൈയിലേക്കു ചേക്കേറുന്നതിനു മുന്‍പ് പോരി ബോറയായിരുന്ന ഇന്ദ്രാണി, കുട്ടിക്കാലത്തു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അയല്‍ക്കാരും ചില ബന്ധുക്കളും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റുകളും ചര്‍ച്ചയായിട്ടുണ്ട്.
‘ഉപേന്ദ്രകുമാര്‍ ബോറയും ഭാര്യ ദുര്‍ഗയും തമ്മില്‍ എന്നും കലഹമായിരുന്നു. വീട്ടില്‍ നിന്നു സദാസമയവും ഒച്ചയും ബഹളവും കേള്‍ക്കാം. കുഞ്ഞു പോരിയെ ഉപേന്ദ്ര ബെല്‍റ്റ് കൊണ്ടു ക്രൂരമായി മര്‍ദിക്കുമായിരുന്നു. പലപ്പോഴും അവളെ വീട്ടില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടശേഷം അച്ഛനും അമ്മയും പുറത്തുപോയി.
ഏക മകളായിരുന്നെങ്കിലും അതിന്റെ സ്നേഹമോ പരിഗണനയോ ഒരിക്കലും ലഭിച്ചതായി തോന്നിയില്ല. അടിയേറ്റ പാടുകള്‍ അവള്‍ അയല്‍വീട്ടുകാരെ പലപ്പോഴും കാണിച്ചിട്ടുണ്ട്.
ഈ ദുരിതത്തില്‍ നിന്നു രക്ഷപ്പെടാനായിട്ടാകണം സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടിലെ ഡ്രൈവറുമായി ഒളിച്ചോടാന്‍ തുനിഞ്ഞത്. റയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും തിരിച്ചു പിടിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീടാണു ഷില്ലോങ്ങിലെ ഹോസ്റ്റലിലേക്ക് അയച്ചത്,’ പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു ബന്ധു പറയുന്നു.
ബോറയും ദുര്‍ഗയും ഇന്ദ്രാണിയുടെ മകന്‍ മിഖൈലും താമസിക്കുന്ന വീട്ടില്‍ നിന്ന് ഇപ്പോഴും നിലവിളികള്‍ കേള്‍ക്കാറുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു. ഇവയെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കുട്ടിക്കാലത്തുതന്നെ ഇന്ദ്രാണിയുടെ ഉള്ളില്‍ പകയും വിദ്വേഷവും വളരുകയും കുറ്റകൃത്യവാസന രൂപപ്പെടുകയും ചെയ്തിട്ടുണ്ടാകാമെന്ന വാദവുമായി മനഃശാസ്ത്രവിദഗ്ധരും രംഗത്തെത്തി.
ഉപേന്ദ്ര തന്നെ ലൈംഗികമായി പലവട്ടം പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇന്ദ്രാണി പറഞ്ഞിട്ടുള്ളതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വി വെളിപ്പെടുത്തിയിരുന്നു.