മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സ്പോ 2020 വേദിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മലയാളത്തിലുള്ള ട്വീറ്റ് പങ്ക് വച്ചത്.
കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ”ദുബായിയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്” -എന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
നിമിഷനേരംകൊണ്ടാണ് ട്വീറ്റ് വൈറലായത്. പ്രവാസിമലയാളികള്‍ ഉൾപ്പെടെ നിരവധിപേർ ട്വീറ്റ് ഏറ്റെടുത്തു.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍, ആറന്മുള കണ്ണാടി, കഥകളി രൂപം എന്നിവയടങ്ങിയ സമ്മാനപ്പെട്ടിയാണ് മുഖ്യമന്ത്രി സമ്മാനിച്ചത്.
മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ എന്നിവര്‍ സമുഖ്യമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.