പ്രശാന്ത് കിഷോറിന്റെ തന്ത്രം ക്ളിക്കാകുമോ ? ഷീല ദീക്ഷിത് യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി: ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതായി സൂചന. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍മനോട്ട ചുമതലയില്‍ നിന്നും മധുസൂധന്‍ മിസ്ത്രിയെ ഞായറാഴ്ച മാറ്റിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയായ ഗുലാം നബി ആസാദിനാണ് ഉത്തര്‍ പ്രദേശിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. കേരളം, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകണമെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കണം.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടിയും ബീഹാറില്‍ നിതീഷ് കുമാറിനും വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനയുന്നത് പ്രശാന്ത് കിഷോറാണ്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള നേതാവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പ്രശാന്ത് കിഷോറിന്റെ ഉപദേശം. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിരുന്ന ബ്രാഹ്മണ സമുദായത്തെ തിരികെ കൊണ്ടുവരാന്‍ ഷീലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനപ്പെടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രാഹ്മണ സമുദായത്തിന്റെ വോട്ട് ഇപ്പോള്‍ ബി.ജെ.പിക്കും ബി.എസ്.പിക്കുമാണ് ലഭിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ദീര്‍ഘകാലം ഗവര്‍ണറുമായിരുന്ന യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഉമാ ശങ്കര്‍ ദീക്ഷിതിന്റെ മരുമകളാണ് ഷീല ദീക്ഷിത്. സംസ്ഥാനവുമായി ഷീല ദീക്ഷതിനുള്ള ഈ ബന്ധവും വോട്ടായി മാറുമെന്ന് പ്രശാന്ത് കണക്കുകൂട്ടുന്നു. 1999 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top