കൊല്ലം: മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ കൂട്ടത്തല്ല്….യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിയില്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ വിജയന് പിള്ളയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനോരമ ന്യൂസ് ചാനലിനുവേണ്ടി വൈകിട്ട് നാലിന് ശങ്കരമംഗലം ജങ്ഷനില്‍ നടന്ന തെരഞ്ഞെടുപ്പ് സംവാദമാണ് അക്രമത്തില്‍ കലാശിച്ചത്. മന്ത്രി ഷിബു ബേബിജോണ്‍, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍. വിജയന്‍പിള്ള എന്നിവരുള്‍പ്പെടെ നാലുപേരെയാണു പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കല്ലേറില്‍ ഷിബുബേബിജോണിന്റെ വലതു കൈക്കാണ് പരിക്കേറ്റത്. കല്ലേറിലും കസേര കൊണ്ടുള്ള അടിയിലുമാണ് എന്‍. വിജയന്‍പിള്ളക്ക് ഇരുകാലുകളിലും ശരീരമാസകലവും പരുക്കേറ്റത്. ഷിബുബേബിജോണ്‍ കരുനാഗപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും വിജയന്‍പിള്ള കരുനാഗപള്ളി താലൂക്ക് ഗവ. ആശുപത്രിയിലും ചികിത്സ തേടി.
എല്‍.ഡി.എഫ്. പ്രവര്‍ത്തകനായ തോട്ടിനുവടക്ക് പുത്തന്‍പുരയില്‍ മോഹന്‍ദാസ്, എസ്.എഫ്.ഐ. നേതാവ് അക്ഷയ് എന്നിവരാണ് കല്ലേറില്‍ പരുക്കേറ്റ മറ്റു രണ്ടു പേര് ഇവര്‍ കരുനാഗപള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മണ്ഡലത്തിലെ കുടിവെള്ളവിതരണത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കെഎംഎംഎല്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പ്രദേശത്തു ലഭിക്കുന്ന വെള്ളം മലിനമാണെന്നും ശുദ്ധമായ കുടിവെള്ളമൊന്നും ലഭിക്കുന്നില്ലെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിനെതിരെ ആക്രോശിച്ച് ആര്‍എസ്പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.
പരിപാടിക്കായി സജ്ജീകരിച്ചിരുന്ന കസേരകള്‍ കൊണ്ടു യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇതിനിടെ പരസ്പരം കല്ലേറുമുണ്ടായി. ആക്രമണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ വിജയന്‍പിള്ളയുടെ വലതു കാല്‍മുട്ടിനു പൊട്ടലുണ്ടായി. ഇടതുകാലിനും ഗുരുതര പരിക്കേറ്റു.
യുഡിഎഫ് പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ വിജയന് പിള്ള പറഞ്ഞു. യുഡിഎഫിന് അനുകൂലമായി ആസൂത്രിതമായി നടത്തിയ പരിപാടിയായിരുന്നു മനോരമ ന്യൂസിന്റെ കൊടിപ്പട. മുന്‍ നിരയിലെല്ലാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു സ്ഥാനം നല്കി എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കുന്ന നടപടിയാണു ചാനല്‍ സ്വീകരിച്ചത്. ഇതിനൊടുവിലാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യുഡിഎഫും നാളെ പ്രതിഷേധദിനം ആചരിക്കും.
സംഘര്‍ഷം എല്‍ഡിഎഫുകാര്‍ ആസൂത്രണം ചെയ്തതാണെന്നും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ എതിരാളികള്‍ ബഹളം വയ്ക്കുകയായിരുന്നെന്നുമാണു ഷിബു ബേബിജോണ്‍ പറയുന്നത്. കൈക്കു നിസാര പരിക്കു മാത്രമുള്ള ഷിബു രാത്രിയോടെ ആശുപത്രി വിട്ടു. അതേസമയം, എന്‍ വിജയന് പിള്ള ആശുപത്രിയില്‍ തുടരുകയാണ്.