തൃശ്ശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത. ഒരുമാസംമുമ്പ് കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ ഷിഫയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. വലിയാലുക്കല്‍ രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകളാണ് മരണപ്പെട്ട ഷിഫ. ഈവന്റ് മാനേജ്‌മെന്റ് വിദഗ്ധയായ ഷിഫയെ ജനുവരി ഏഴ് മുതല്‍ കാണാതായിരുന്നു. ഈവന്റ് മാനേജ്‌മെന്റ് ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഷിഫ പോകാറുണ്ടായിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള മടക്കയാത്രക്കിടെയാണ് മണാലി സന്ദര്‍ശിച്ചതും കാണാതായതുമെന്നാണ് സൂചന. എന്നാല്‍ ജനുവരി ഏഴിന് ഫോണില്‍ വീടുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റ് പല നമ്പരുകളില്‍നിന്നും വിളിച്ച് 15ന് വീട്ടില്‍ എത്തുമെന്ന് അറിയിച്ചതുമാണ്. ഇതാണ് ദുരൂഹത കൂട്ടുന്നത്. ഈ സംഭവത്തിന് മരണവുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, പറഞ്ഞ ദിവസം എത്തിയില്ല. മരണം സംഭവിച്ചതെങ്ങനെയെന്ന് അന്വേഷണം തുടരുകയാണെന്ന് മണാലി പൊലീസ് പറഞ്ഞു. മൃതദേഹത്തിന് എത്രദിവസം പഴക്കമുണ്ടെന്ന് നിശ്ചയിക്കാനായിട്ടില്ല. മൃതദേഹം അഴുകിയതിനാല്‍ അവിടെത്തന്നെ സംസ്‌കരിച്ചു. ഡി.എന്‍.എ.,ഫൊറന്‍സിക് പരിശോധനകളും നടത്തി. ഷിബി,ഷിജി എന്നിവര്‍ സഹോദരങ്ങളാണ്. ദുബായില്‍ താമസമായിരുന്ന അബ്ദുല്‍ നിസാറും കുടുംബവും ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂരില്‍ തിരിച്ചെത്തിയത്.
ഭഹാംഗ് ഗ്രാമത്തില്‍ ബീസ് നദിക്കരയില്‍ ജനുവരി 29ന് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് സമീപത്തു നിന്ന് ഷിഫയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും കിട്ടിയത്. ഇതോടെ മരിച്ചത് ഷിഫയാണെന്ന നിഗമനത്തിലത്തുകയായിരുന്നു പൊലീസ്. ഷിഫയുടെ പാസ്പോര്‍ട്ടിലെ അഡ്രസ് വാടാനപ്പിള്ളിയിലെ തറവാട്ടു വീട്ടിലേതായിരുന്നു. ഡല്‍ഹിയില്‍ ഇംഗ്ളീഷ് പത്രത്തില്‍ ജോലി ചെയ്യുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വാടാനപ്പിള്ളി പൊലീസില്‍ വിളിച്ചു. ബന്ധുക്കളുമായി വാടാനപ്പിള്ളി സബ് ഇന്‍സ്പെക്ടര്‍ ബന്ധപ്പെട്ടതോടെയാണ് വിവരം നാട്ടില്‍ അറിയുന്നത്.
ജനുവരി 29നാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹത്തിന് അല്‍പ്പം മാറി വസ്ത്രങ്ങളും പാസ്പോര്‍ട്ടും ലഭിച്ചതെന്നാണ് ഷിഫയുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ലഭിച്ച വിവരം. വെള്ളത്തില്‍ നിന്നാണ് ലഭിച്ചതെന്ന പ്രചാരണവുമുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ഷിഫയുടെ പിതാവ് പറയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിനു മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്കും ഡി.എന്‍.എ പ്രൊഫൈലിംഗിനും വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാലേ മരണം സംബന്ധിച്ച് സ്ഥിരീകരണമാകൂ. ഷിഫയെ കാണാതായത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു പരാതിയും മണാലി പൊലീസില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വലിയാലുക്കല്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന നെടുപുഴ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സപെക്ടര്‍ പറഞ്ഞു.
ദുബായില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ഷിഫ രണ്ടുവര്‍ഷം മുമ്പാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലിക്ക് കയറിയത്. ജോലിയുടെ ഭാഗമായി കൊച്ചി, മുംബയ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക പതിവാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ മണാലിയിലെത്തിയ ഷിഫ ജനുവരി ഏഴിനാണ് വീട്ടുകാരുമായി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. പറഞ്ഞത് പ്രകാരം ജനുവരി 15ന് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഒഫ് ആയിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷിഫയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ രക്ഷാകര്‍ത്താക്കള്‍ ഡല്‍ഹിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ഡല്‍ഹി പൊലീസില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബന്ധുവിനോട് ഷിഫയെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് മണാലി ബീസ് നദിക്കരയില്‍ പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.