പിതാവിന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്ന് അഞ്ചാം ക്ലാ​സി​ൽ അ​നാ​ഥ​ശാ​ല​യി​ലെ​ത്തി​യ മ​ല​പ്പു​റം​കാ​ര​ൻ പ​യ്യ​ൻ; ഷിഹാബ് IAS

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1980 മാർച്ച് 15ന് ജനിച്ച മുഹമ്മദലി ഷിഹാബ് കുട്ടിക്കാലത്ത് മഹാവികൃതിയായിരുന്നു. സ്കൂളിൽ പോകാൻ മടിയനായ ഷിഹാബിനെ പലപ്പോഴും മൂത്ത ജ്യേഷ്ഠൻ അബ്ദുൾ ഗഫൂറാണ് നിർബന്ധിച്ച് സ്കൂളിൽ കൊണ്ടുവിടാറ്.  എടവണ്ണപ്പാറയിൽ വെറ്റിലയും അടയ്ക്കയും മറ്റും വിറ്റിരുന്ന പെട്ടിപ്പീടികക്കാരൻ അലിയുടെ മകന് വാപ്പയുടെപോലെ പെട്ടിപ്പീടികക്കാരനാകണമെന്നായിരുന്നു മോഹം. ഷിഹാബ് മൂന്നാം ക്ലാസിലായതോടെ അലി രോഗബാധിതനായി. ആസ്മ കൂടി, പെട്ടിക്കടയുടെ സമീപമുള്ള “ആഷി’ ആശുപത്രിയിലെ നിത്യസന്ദർശകനായി. 5-ാം ക്ലാസിൽവച്ച് 49-ാം വയസിൽ വാപ്പ ഞങ്ങളെ വിട്ടുപോയി.

മരിക്കുന്നതിനു മുന്പ് എന്നെ ചൂണ്ടിക്കാട്ടി ജ്യേഷ്ഠനോടും ഉമ്മയോടുമായി പറഞ്ഞു: “ഇവനെയാണ് എനിക്കു പേടി. ഇവന്‍റെ കാര്യം നിങ്ങൾ പ്രത്യേകം നോക്കണം.’’ഒന്നാം ക്ലാസ് വരെ മാത്രം പഠിച്ച വാപ്പയ്ക്കും രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഉമ്മയ്ക്കും ഞങ്ങളെയെല്ലാം പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്നായിരുന്നു മോഹം. വാപ്പ മരിക്കുന്പോൾ പാതി ഓലമേഞ്ഞ വീടായിരുന്നെങ്കിലും കുഞ്ഞാൻ (മൂത്ത ജ്യേഷ്ഠൻ) ബിഎഎംഎസിന് രണ്ടാംവർഷം പഠിക്കുകയായിരുന്നു. കുഞ്ഞാളാകട്ടെ (മൂത്ത സഹോദരി മൈമൂന) പ്രീഡിഗ്രിക്കും. ശാന്തസ്വഭാവക്കാരായ അവരെ എങ്ങനെയെങ്കിലും പഠിപ്പിക്കാമെന്നും ഉമ്മയും ബന്ധുക്കളും കൂടി തീരുമാനിച്ചു. പക്ഷേ വികൃതിയായ എന്നെ എന്തുചെയ്യും. ഒടുവിൽ മുക്കം മുസ്‌ലിം ഓർഫനേജിൽ ചേർക്കാനായിരുന്നു തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചാം ക്ലാസിൽവരെയേ അവിടെ പ്രവേശനം ലഭിക്കൂവെന്നതിനാൽ ജയിച്ച എന്നെ തോൽപ്പിച്ചു. ഞാൻ തനിയേ അവിടേക്കു പോകില്ലെന്നു വാശിപിടിച്ചപ്പോൾ രണ്ട് അനുജത്തിമാരെയും അവിടെത്തന്നെ ചേർത്തു. വാപ്പയുടെ വേർപാടിൽ ആകെ ഉലഞ്ഞുപോയ ഞങ്ങൾക്ക് അത്താണിയായത് അനാഥാലയമായിരുന്നു. പിതാവു നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികൾക്ക് പിതൃതുല്യമായ സ്നേഹവും കരുതലും നൽകി മോയ്മോൻ ഹാജിയെന്ന ഓർഫനേജ് സെക്രട്ടറിയും മറ്റുള്ളവരും. അവിടെ ജീവിതം ആകെ മാറിമറിയുകയായിരുന്നു. ഓർഫനേജ് മാനേജ്മെന്‍റിന്‍റെതന്നെ ടിടിഐയിൽ എസ്എസ്എൽ സി കഴിഞ്ഞഎന്നെയും മുഹമ്മദ് നിസാറിനെയും ചേർക്കാനായിരുന്നു അധികൃതരുടെ പ്ലാനെങ്കിലും ചില സാങ്കേതിക തടസങ്ങൾമൂലം അത്തവണ ആർക്കും പ്രവേശനം നൽകാൻ ടിടിഐക്കു കഴിഞ്ഞില്ല. അതോടെ എംഒഎംഒ കോളജിൽ ഞങ്ങളെ പ്രീഡിഗ്രിക്കു ഫസ്റ്റ് ഗ്രൂപ്പിൽ ചേർത്തു. ഒന്നാം വർഷം കഴിഞ്ഞതോടെ ടിടിഐ തുറന്നു. ഞങ്ങളെ കോഴ്സ് പൂർത്തിയാക്കാതെ ടിടിഐയിൽ ചേർത്തു. രണ്ടുവർഷത്തിനുശേഷം അവിടെനിന്നിറങ്ങുന്പോൾ എങ്ങനെയും പ്രീഡിഗ്രി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 2000 ഓഗസ്റ്റിൽ പ്രീഡിഗ്രി പൂർത്തിയാക്കാനായി പ്രത്യേക അനുമതിയോടെ കോളജിൽ പുനഃപ്രവേശനം.

2001 ഏപ്രിലിലെ പരീക്ഷയ്ക്കു മുന്പ് രണ്ടുവർഷത്തെയും മുഴുവൻ പാഠഭാഗങ്ങളും പഠിച്ചുതീർക്കുക ഒരു ഭഗീരഥപ്രയത്നമായിരുന്നു. രാത്രി 7.30ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. 11.30ഓടെ അലാറംവച്ച് എഴുന്നേറ്റ് രാത്രിയുടെ നിശബ്ദതയിൽ പുലർച്ചെ 4.30 വരെ പഠനം. നല്ല മാർക്കോടെ ജയിക്കണമെന്ന് ഒരു വാശിയായിരുന്നു. ഒടുവിൽ 21-ാം വയസിൽ ഉയർന്ന ഫസ്റ്റ് ക്ലാസോടെ വിജയം. ഫിസിക്സിന് 85 ശതമാനം മാർക്കു ലഭിച്ചത് വല്ലാത്ത ആത്മവിശ്വാസം ജനിപ്പിച്ചു; മറ്റുള്ളവർക്ക് അദ്ഭുതവും. കോഴിക്കോട് ഫറൂഖ് കോളജിൽ ഡിഗ്രിക്കു പഠിക്കണമെന്ന മോഹവുമായാണ് ഓർഫനേജ് വിട്ട് വീട്ടിലേക്കു പോയത്. വർഷങ്ങൾക്കുശേഷം ജന്മനാട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ഏകാന്തത. കൈയെത്തുംദൂരത്തെ ബാല്യകാല സൗഹൃദങ്ങളൊക്കെ നഷ്ടപ്പെട്ടു. ആയുർവേദ ഡോക്ടറായ കുഞ്ഞാനാണെങ്കിൽ എടവണ്ണപ്പാറയിൽ ഒരു ആയുർവേദ ഷോപ്പും കണ്‍സൾട്ടിംഗുമായി ചെറിയ രീതിയിൽ കഴിഞ്ഞുകൂടുന്നു.

പ്രീഡിഗ്രി റിസൾട്ടുവന്നശേഷം മേയ്, ജൂണ്‍ മാസങ്ങൾ ചേട്ടന്‍റെ കടയിൽ നിന്നു. റെഗുലർ കോളജിലെ ഡിഗ്രി പഠനം സാധ്യമാകില്ലെന്നു മനസിലായതോടെ ജൂലൈ ഒന്നിന് തിരൂരിനടുത്ത് വളവന്നൂർ ബാസക്കി യത്തീംഖാനയിൽ മൂന്നാം ക്ലാസിലെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മറ്റൊരനാഥാലയത്തിൽ വന്നതോടെ അവിടത്തെ കുട്ടികളെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി. കുറെ, മ്ലാനമായ മുഖങ്ങൾ. അവർക്ക് പ്രത്യാശപകരണമെന്ന ഒരു ഉൾവിളി. ഹെലൻ കെല്ലറിന്‍റെ “തുറന്നിട്ടൊരു വാതിൽ’ എന്‍റെ ഓർമയിലേക്കു വന്നു. പഠനകാലത്ത് പൊതുവിജ്ഞാനം ക്വിസിൽ മത്സരിച്ചിരുന്ന ഞാൻ പിഎസ്‌സി പരീക്ഷയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2004 ജൂണ്‍ 24ന് ജല അഥോറിറ്റിയിൽ പരപ്പനങ്ങാടി സബ്ഡിവിഷനിലെ അണ്‍സ്കിൽഡ് ലേബറായി (ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ) ആദ്യ സർക്കാർ ജോലി. പന്പ് ഓപ്പറേറ്ററെ സഹായിക്കുകയെന്ന നിസാര പണിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കാലിക്കട്ട് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ ചരിത്രം ഐച്ഛിക വിഷയമായി ബിരുദപഠനം ആരംഭിച്ചു. വാട്ടർ അഥോറിറ്റിയിൽ മൂന്നരമാസം ജോലിചെയ്തപ്പോഴേക്കും കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിൽ എൽഡി ക്ലാർക്കായി നിയമനം. 2006ൽ 26-ാം വയസിൽ വിവാഹം. 2007ൽ ഡിഗ്രി പൂർത്തിയാക്കി. അതേമാസം മാർച്ചിൽതന്നെ മലപ്പുറം വെറ്റിലപ്പാറ ഗവ. എൽപി സ്കൂളിൽ അധ്യാപക നിയമനം. 2009 ജനുവരിയിൽ യുപിഎസ്എ ആയി നിയമനം. 2009 മാർച്ചിൽ മലയാളപത്രത്തിന്‍റെ മലപ്പുറം ജില്ലാ പേജിൽ വന്ന വാർത്ത ഒരു വഴിത്തിരിവായി.

എഴുതിയ 21 പിഎസ്‌സി പരീക്ഷയിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിനു സിവിൽ സർവീസ് മോഹം എന്നതായിരുന്നു വാർത്ത. ഇത് എങ്ങനെയോ മുക്കം മോയ്മോൻഹാജിയുടെ പക്കലെത്തി. അവർ പത്രസമ്മേളനം വിളിച്ച് മുഹമ്മദലി ഷിഹാബിന്‍റെ സിവിൽ സർവീസ് പഠനത്തിന് സർവപിന്തുണയും പ്രഖ്യാപിച്ചു. മേയ് 11ന് കുഞ്ഞാളയുടെ വീട്ടിലെത്തിയ ഞാൻ 13ന് തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് എൻജിഒ ആയ സക്കാത്ത് ഫൗണ്ടേഷന്‍റെ സെലക്ഷൻ പരീക്ഷയുണ്ടെന്ന് അറിയുന്നു. രണ്ട് ദിവസംകൊണ്ട് ഒരുങ്ങിയെഴുതിയ പരീക്ഷയിൽനിന്നും ഞങ്ങൾ 12 പേർ തെരഞ്ഞെടുക്കപ്പെടുന്നു. അതാണെന്‍റെ ആദ്യ വിമാനയാത്ര. സക്കാത്ത് ഫൗണ്ടേഷന്‍റെ സ്കോളർഷിപ്പ് കിട്ടി ജൂണിൽതന്നെ കോച്ചിംഗ് ആരംഭിച്ചു. ഹിസ്റ്ററിയും ജ്യോഗ്രഫിയും ആയിരുന്നു വിഷയങ്ങൾ. ഡിസംബർവരെ നന്നായി പഠിച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കൊടുംതണുപ്പിൽ അസുഖബാധിതനായി. അവിടെ ചികിത്സിച്ചിട്ടും ഭേദമാകാതായപ്പോൾ നാട്ടിലേക്ക് മനസില്ലാമനസോടെ തിരിച്ചുപോന്നു. അസുഖം ചികിത്സിച്ച് ഭേദമായപ്പോൾ വല്ലാത്ത നഷ്ടബോധം. മേയ്മാസത്തിലല്ലേ പരീക്ഷ. ഒന്നാഞ്ഞുപിടിച്ചാലോയെന്നൊരു ചിന്ത. മാർച്ചുമാസം ആദ്യംതന്നെ ഭാര്യയെയും മക്കളെയും അവളുടെ വീട്ടിൽകൊണ്ടാക്കി. വീട്ടിൽ ഞാനും ഉമ്മയും മാത്രം. മുഴുവൻ സമയം പഠനം; തീവ്രമായ പഠനം. 2010 മേയ് 23ന് തിരുവനന്തപുരത്ത് പ്രിലിമിനറി പരീക്ഷയെഴുതി. ഹിസ്റ്ററി നന്നായി എഴുതിയെങ്കിലും ജനറൽ സ്റ്റഡീസ് വലിയ ബുദ്ധിമുട്ടായിരുന്നു. അടുത്തവർഷം ഒന്നുകൂടി എഴുതാമെന്നു മനസിനെ സമാധാനിപ്പിച്ച് ഡൽഹിക്കു വണ്ടികയറി. റൂം ഒഴിച്ച് സാധനങ്ങൾ തിരികെ കൊണ്ടുവരാൻ. അവിടെവച്ച് സുഹൃത്ത് പറഞ്ഞു: “ജനറൽ സ്റ്റഡീസ് എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. അത്യാവശ്യം എഴുതിയിട്ടുണ്ടെങ്കിൽ ജയിക്കും.’’ ഞാൻ ഒരു ആൻസർ കീ വാങ്ങി ഒത്തുനോക്കിയപ്പോൾ ചെറിയൊരു പ്രതീക്ഷ. പ്രിലിമിനറി റിസൾട്ട് ഓഗസ്റ്റിലാണ് വരിക. മെയിൻ പരീക്ഷ ഒക്ടോബറിലും. ജ്യോഗ്രഫി മാറ്റി മലയാളസാഹിത്യം ഐച്ഛികവിഷയമായി എടുത്താലോയെന്നൊരു ആഗ്രഹം.

അഞ്ചാം ക്ലാസ് മുതൽ രണ്ടാം ഭാഷയായി അറബിക് പഠിച്ച എനിക്ക് മലയാളം വഴങ്ങില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, സാഹിത്യത്തോടുള്ള കന്പം അതേ തീരുമാനമെടുക്കാൻ ഇടയാക്കി. ജൂണിൽതന്നെ തിരുവനന്തപുരത്ത് മലയാള സാഹിത്യത്തിന്‍റെ പരിശീലനം നേടി. ഓഗസ്റ്റ് എട്ടിന് ഡൽഹിയിൽനിന്നു ഗ്ലാഡിസ് മാഡം “ഷിഹാബ് പാസായി’ എന്നു വിളിച്ചു പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. തുടർന്ന് കോഴിക്കോട് ഫറൂഖ് കോളജിലെ പിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസിൽ പരിശീലനം. ഇതിനിടെ കംപൽസറി ഇംഗ്ലീഷ് പേപ്പർ ഒഴികെ മുഴുവൻ പരീക്ഷയും മലയാളത്തിലെഴുതാൻ തീരുമാനമെടുത്തു. 2010 ഒക്ടോബറിൽ പരീക്ഷ. മാർച്ചിൽ റിസൾട്ട്, മെയിൻ പാസായി. ഏപ്രിൽ 23ന് യുപിഎസ്‌സി ആസ്ഥാനത്ത് അഭിമുഖം. മേയ് 11ന് റിസൾട്ട് വന്നു; എനിക്ക് ഐഎഎസ്. 2011 ഓഗസ്റ്റ് 29ന് മസൂറി അക്കാദമിയിൽ പരിശീലനത്തിനു പ്രവേശിച്ചു. നാഗാലാൻഡ് കേഡറിൽ ദിമാപൂർ ജില്ലയുടെ അസിസ്റ്റന്‍റ് കളക്ടറായി 2012 ജൂലൈയിൽ ആദ്യനിയമനം. തുടർന്ന് സബ്കളക്ടറായി കോഹിമയിൽ. പിന്നീട് വിവിധ തസ്തികകളിൽ. ഒടുവിൽ 2017 നവംബർ 24 മുതൽ നാഗാലാൻഡിലെ മ്യാൻമർ അതിർത്തിയിലെ കിഫ്റെ ജില്ലയുടെ ജില്ലാ കളക്ടർ. അഞ്ചു ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന, ഇന്ത്യയിലെ ഏറ്റവും പിന്നോക്കജില്ലകളായി പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലൊന്നാണിത്. സർവവിധ പിന്തുണയും നൽകി അധ്യാപികയായ ഭാര്യ ആയിഷ ഫെമിനയും മക്കളായ ലിയ നവൽ, ലസിൻ അഹ്മദ് എന്നിവരും. പിന്നെ, മൂത്ത സഹോദരൻ ഡോ. അബ്ദുൾ ഗഫൂർ, സഹോദരിമാരായ മൈമൂന (അധ്യാപിക, ജിഎൽപിഎസ് പള്ളിമുക്ക്, മലപ്പുറം), സുഹറാബി (എൽപിഎസ്എ ഇന്‍റർവ്യൂ കഴിഞ്ഞ് പോസ്റ്റിംഗിനായി കാത്തിരിക്കുന്നു), നസീബ (അധ്യാപിക, ജിഎൽപിഎസ് കടുങ്ങല്ലൂർ)യും.

കളക്ടറുടെ ജീവിതകഥ പുസ്തകമായി പുറത്തിറങ്ങുകയാണ് ഈ മാസം 28ന്. “വിരലറ്റം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ എൻ.എസ്. മാധവൻ പ്രകാശനം ചെയ്യും. മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറിയായ മോയ്മോൻ ഹാജിക്ക് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം. വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി വകുപ്പിന്‍റെ ചിൽഡ്രൻസ് ഹോമിൽ ഒരു ചടങ്ങിനിടെ കളക്ടർ അനാഥാലയ അനുഭവങ്ങളും മറ്റും വിവരിച്ചപ്പോൾ മണിക്കൂറുകളോളം ക്ഷമയോടെ കേട്ടിരുന്ന കുട്ടികളാണ് ഇതൊരു പുസ്തകമായി പുറത്തിറക്കാൻ നിർബന്ധിച്ചതെന്ന് മുഹമ്മദലി ഷിഹാബ് പറയുന്നു.

Top