![](https://dailyindianherald.com/wp-content/uploads/2016/05/SHIHAB.png)
ബത്തേരി: സോഷ്യല്‍മീഡിയയിലുടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ചു എന്നാരോപിച്ച് യുവാവിനും കുടുംബത്തിനും മഹല്ല് കമ്മറ്റിയുടെ ഊരുവിലക്ക് വിവാദമാകുന്നു.
അമ്പലവയല്‍ ആനപ്പാറ സ്വദേശി ലബീബിനും കുടുംബത്തിനുമാണ് മഹല്ല് കമ്മറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. നവമാധ്യമങ്ങളിലൂടെ സമുദായത്തെ ആക്ഷേപിച്ചുവെന്നാണ് നരിക്കുണ്ട്, ആനപ്പാറ ജുമ മസ്ജിദ്ദ് കമ്മറ്റി ഊരുവിലക്കിയത്.
ലബീബിനെയും കുടുംബത്തേയും ഊരുവിലക്കി കൊണ്ട് മഹല്ല് കമ്മറ്റി പുറത്തുവിട്ട കത്തിന്റെ പകര്‍പ്പുകള്‍ നവമാധ്യമങ്ങളില്‍ വൈറലായി. മഹല്ല് കമ്മറ്റി പ്രസിഡന്റ് കുഞ്ഞാവ, സെക്രട്ടറി അഷറഫ് പൈക്കാടന്‍ എന്നിവരുടെ പേരിലാണ് ഊരുവിലക്കി കൊണ്ടുള്ള കത്ത് കൊടുത്തിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ സിപിഐഎം പ്രവര്‍ത്തകനായ ലബീബ് ലീഗിനെതിരെ പ്രചരിപ്പിച്ച ചിത്രമാണ് മഹല്ല് കമ്മറ്റിക്കാരെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചിത്രം സമുദായത്തിന്റെ താത്പര്യങ്ങള്‍ നിരക്കുന്നതല്ലെന്നാണ് മഹല്ല് കമ്മറ്റിയുടെ വാദം.
സിപിഐഎം പ്രവര്‍ത്തകനായ ലബീബ് വോട്ടെടുപ്പ് ദിവസം കോലീബി സഖ്യത്തെ കളിയാക്കിക്കൊണ്ട് തനിക്ക് ലഭിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഊരുവിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ലബീബിന്റെ വിവാഹച്ചടങ്ങളില്നിന്ന് ആനപ്പാറ മഹല്ല് വിട്ടുനിന്നു. മഹല്ല് കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചടങ്ങില്‍നിന്ന് ചെറിയൊരു ശതമാനം പേര് വിട്ട് നിന്നതായി ലബീബ് നാരദ ന്യൂസിനോട് പറഞ്ഞു.
അതേസമയം ലിബീഷിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രാകൃതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന് ആരോപിച്ചു. വിവാഹ ചടങ്ങില്‍ ഉസ്താദ് പങ്കെടുത്തില്ല. മറ്റ് ചടങ്ങുകളിലും വിലക്കേര്‍പ്പെടുത്തിയ പളളി കമ്മിറ്റി തീരുമാനം കത്തിലൂടെ പുറത്ത് വന്നു. ഇത് ഞെട്ടലുണ്ടാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങള്‍ ലീഗിന്റ സംസ്ഥാന പ്രസിഡണ്ടാണ്. ഒരു പാര്‍ട്ടിയുടെ നേതാവിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെ? വിമര്‍ശനം ലീഗ് നേതാവിന്റെ അന്തസ് കുറക്കുമോ? എങ്കില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകല്ലേ നല്ലതെന്നും എം വി ജയരാജന് ചോദിച്ചു.