അർജുന്റെ ഡിഎൻഎ പരിശോധന വ്യാഴാഴ്ച.അർജുന്റെ മൃതദേഹം കാർവാർ മോർച്ചറിയിൽ: നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുടുംബത്തിന് വിട്ടുനൽകും.കർണാടകയ്ക്കും സിദ്ധരാമയ്യയ്ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി.

ഷിരൂർ:അർജുന്റെ മൃതദേഹമടങ്ങിയ ട്രക്ക് കണ്ടെത്തി. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.  നടപടിക്രമങ്ങൾക്ക് ശേഷം അർജുന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

അർജുന്റെ ലോറി കണ്ടെത്തിയതിൽ കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം മുഴുവൻ പ്രാർഥനയോടെ കാത്തിരുന്ന രക്ഷാദൗത്യം കണ്ണീരോടെയാണ് അവസാനിച്ചത്. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. നാവികസേനയുടെ രേഖാചിത്രം ട്രക്ക് കണ്ടെടുക്കുന്നതിൽ നിർണായകമായി. ക്രെയിൻ ഉപയോഗിച്ച് ക്യാബിൻ ഉയർത്തി മൃതദേഹാവശിഷ്ടങ്ങൾ ആദ്യം പുറത്തെടുത്തു. തുടർന്ന് ലോറി കരയിലേക്ക് കയറ്റി. മൃതദേഹം കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിലാണ്. വ്യാഴാഴ്ച ഡിഎൻഎ പരിശോധനയ്ക്കു സാംപിൾ ശേഖരിക്കും. രണ്ടുദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.

മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വം കണ്ണീരിലേക്ക് വഴിമാറുന്നതാണ് കോഴിക്കോട് കണ്ണാടിക്കല്ലിലെ വീട്ടിലും ഷിരൂരിൽ അർ‌ജുനെ കാത്തിരുന്നവ‍‌ർക്കിടയിലും പിന്നീട് കണ്ടത്. മാനാഫ് എന്ന ലോറി ഉടമയുടെയും അർജുന്റെ സഹോദരീ ഭർത്താവ് ജിതിന്റെയും അവർക്കൊപ്പം നിന്നവരുടെയും നിശ്ചയദാർഢ്യത്തിനൊടുവിലാണ് ജൂലൈ 16ന് കാണാതായ ലോറി ഇന്ന് കണ്ടെത്തിയത് തന്നെ. കാലാവസ്ഥാ പ്രതിസന്ധികൊണ്ടും മറ്റ് പല കാരണങ്ങൾകൊണ്ടും പല തവണ നിർത്തിവച്ച തിരച്ചിൽ കേണപേക്ഷിച്ചും പ്രതിഷേധിച്ചുമാണ് അവർ ഇതുവരെയെത്തിച്ചത്.

ഒടുവിൽ തേടിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഉച്ചയോടെ അർജുന്റെ ട്രക്കിന്റെ ഭാ​ഗങ്ങൾ കണ്ടെത്തി. തകർന്ന ക്യാബിനിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തി. അർജുൻ ക്യാബിനിലുണ്ടാകുമെന്ന് മനാഫ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മൃതദേഹം പുറത്തെടുത്ത് കാർവാർ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരിച്ചറിയാകാത്തതിനാൽ ഡിഎൻഎ പരിശോധന നടത്തി അർജുന്റേതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. ഇതിനിടെ അർജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവും കർണാടക സർക്കാർ തന്നെ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കർണാടക സർക്കാർ ഇതിനുള്ള നിർദ്ദേശം ജില്ലാ കലക്ടർക്ക് നൽകിയിരിക്കുകയാണ്. ​

​ഗം​ഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയിൽ നിന്ന് ഉയർ‌ത്തിയെങ്കിലും കരയ്ക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കരയ്ക്കെത്തിക്കുന്നതിനിടെ വടം പൊട്ടിയതിനാൽ നാളെയാകും ലോറി കരയിലേക്ക് മാറ്റുക. നാളെ ‌രാവിലെ എട്ട് മണിയോടെ ലോറി കരയ്ക്കെത്തിക്കാൻ ശ്രമം തുടരും. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാ​ഗങ്ങൾ പുറത്തെത്തിച്ചത്. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു.

നേരത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിർണായക കണ്ടെത്തലുണ്ടായത്. റിട്ട. മേജർ ജനറൽ ഇന്ദ്രപാലൻ രേഖപ്പെടുത്തിയ കോൺടാക്റ്റ് പോയിന്റ് ടുവിൽ വച്ചാണ് വാഹനം കണ്ടെത്തിയത്.

അർജുനെ രക്ഷിക്കാനായില്ലെങ്കിലും അവശേഷിപ്പ് കുടുംബത്തെ ഏൽപ്പിക്കണമെന്ന നിർബന്ധത്തിയിലായിരുന്നു ലോറി ഉടമ മനാഫും സഹോദരീ ഭർത്താവ് ജിതിനും. അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചെന്നാണ് മനാഫ് പറയുന്നത്. എല്ലാവർക്കുമുള്ള ഉത്തരം ലഭിച്ചുവെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ജിതിൻ.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി.

എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്.

Top