മുംബൈ: വിവരാവകാശ നിയമത്തിന്റെ മറവില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കുകയാണെന്ന് ആരോപിച്ച് അനധികൃത കെട്ടിട നിര്‍മാണം വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകനെ ശിവസേന മര്‍ദിച്ചു. ലാത്തൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മല്ലികാര്‍ജുന്‍ ഭായ്ക്കട്ടിയെയാണ് ഇരുമ്പ് വടികൊണ്ട് ക്രൂരമായി അടിക്കുകയും കരിമഷി പ്രയേഗിക്കുകയും ചെയ്തത്.
സംഭവത്തിലുള്‍പ്പെട്ട ശിവസേനാ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച യുവസേന അധ്യക്ഷന്‍ ആദിത്യ താക്കറെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചത്.
ലാത്തൂര്‍ ഷാഹു കോളജിലെ അനധികൃത നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശനിയമം വഴി പുറത്തുകൊണ്ടു വന്ന മല്ലികാര്‍ജുന്‍ ഭൈകട്ടിയാണ് കഴിഞ്ഞ ദിവസം ശിവസേനാ പ്രവര്‍ത്തകരുടെ അതിക്രമത്തിന് ഇരയായത്. ഭൈകട്ടിയെ കോളജിലേക്കു കൂട്ടിക്കൊണ്ടുവന്ന് കോളജ് മുറ്റത്തുവച്ച് നാലായിരത്തോളം വിദ്യാര്‍ഥികളെ സാക്ഷിയാക്കിയായിരുന്നു ഇരുമ്പുവടി കൊണ്ടുള്ള മര്‍ദനവും കരിയഭിഷേകവും. ഭൈകട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിനിടെ, ഔറംഗബാദില്‍ ക്ഷേത്രം അടക്കമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചതിന്റെ പേരില്‍ തഹസീല്‍ദാരെ അധിക്ഷേപിച്ച എംപി ചന്ദ്രകാന്ത് ഖൈറെയെ ശിവസേന ന്യായീകരിച്ചു. ക്ഷേത്രം പൊളിക്കുന്നതു തടഞ്ഞതു കുറ്റമാണോ എന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.