കോഴിക്കോട്: കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിക്കു മടിയില്‍ കനമില്ലാത്തതുകൊണ്ട് പേടിയില്ല. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. ജനങ്ങളോടുള്ള വാഗ്ദാനം ബിജെപി പാലിക്കുമെന്നും ശോഭ പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു നിന്നാലെ ബിജെപിയോടു പിടിച്ചു നില്‍ക്കാന്‍ കഴിയു എന്ന് സ്ഥിതിയായി കേരളത്തില്‍. സിപിഎം പാട്ടകുലുക്കി പിരിച്ച പണമെന്ന പേരില്‍ ഇത്രയും നാള്‍ ഒഴുക്കിയിരുന്നത് കള്ളപ്പണമായിരുന്നു. 4000 കോടി രൂപ ആസ്തിയുള്ള പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിന്റെ വസ്തുവകകളൂം പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശമ്പള സ്രോതസും വെളിപ്പെടുത്തണമെന്നും ശോഭ പറഞ്ഞു.
ഓമനകുട്ടന്‍പിള്ള ആത്മഹത്യ ചെയ്യാന്‍ കാരണം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമാണ്. സഹകരണമേഖലയുടെ പേരില്‍ നിയമസഭയില്‍ അവര്‍ നടത്തിയ നാടകം പാവപ്പെട്ടവരെ ഭീതിയുടെ മൂള്‍മുനയില്‍ എത്തിച്ചെന്നും ഇങ്ങനെയാണ് ഓമനകുട്ടന്‍പിള്ള മരിച്ചതെന്നും അവര്‍ പറഞ്ഞു.