ടെസ്റ്റില്‍ ഇനി മാലിക്കില്ല; ഷുഹൈബ് മാലിക് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ഷാര്‍ജ: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാകിസ്താന്‍ ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായാണ് മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിച്ച ശേഷം രാത്രിയില്‍ ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയാണെന്ന് മാലിക് അറിയിക്കുകയായിരുന്നു. തിരിച്ചുവരവില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു മാലിക്ക് യു.എ.ഇയില്‍ പുറത്തെടുത്തത്. ഇന്നലെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനവും മാലിക് കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാലിക് ഇരട്ടസെഞ്ചുറിയും നേടിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറായ 245 റണ്‍സാണ് ആ മത്സരത്തില്‍ മാലിക് നേടിയത്. 2010 ഓഗസ്റ്റില്‍ ടീമില്‍ നിന്നു പുറത്തായ ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് മാലിക് പാക് ടീമില്‍ തിരിച്ചെത്തിയത്. പാകിസ്താനു വേണ്ടി 34 ടെസ്റ്റ് കളിച്ച മാലിക് മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളുമടക്കം 1860 റണ്‍സ് നേടിയിട്ടുണ്ട്. 25 വിക്കറ്റും പേരിലുണ്ട്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് മാലിക്.

Top