നടിയെ ആക്രമിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ദിലീപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ പോലും പിസി ജോര്‍ജ് എംഎല്‍എ തയ്യാറാവുകയുണ്ടായി. പോലീസ് അന്വേഷണത്തിലെ കാര്യങ്ങള്‍ ശരിവെച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും പിന്തുണയ്ക്ക് ഒട്ടും കുറവില്ല. പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും ദിലീപിനെ കുറ്റക്കാരനാക്കിയതെന്നും നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇത് തന്നെയാണ് മകനായ ഷോണ്‍ ജോര്‍ജും ആവര്‍ത്തിക്കുന്നത്.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ മറ്റാരുടേയോ ഗൂഢാലോചന ഉണ്ടെന്നാണ് ഷോണ്‍ ആരോപിക്കുന്നത്. ദിലീപിനെ ഈ കേസില്‍ കുടുക്കാന്‍ വേണ്ടി പള്‍സര്‍ സുനി വിലപേശല്‍ നടത്തുകയാണ് എന്നാണ് ആരോപണം. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതലേ ഉള്ള ദുരൂഹ സാന്നിധ്യമായ മാഡം ആരെന്നത് വെളിപ്പെടുത്തുന്നത് പല തവണ സുനി മാറ്റിവെയ്ക്കുകയുണ്ടായി. ഇങ്ങനെ ഡേറ്റ് മാറ്റിവെയ്ക്കുന്നത് സുനി ആരോടോ വില പേശുന്നുവെന്നതിന്റെ തെളിവായാണ് ഷോണ്‍ ചൂണ്ടിക്കാണിക്കുന്നത്. ചിലരുടെ ചരടില്‍ കോര്‍ത്ത തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് കാവ്യയാണ് മാഡം എന്നത് അടക്കമുള്ള സുനിയുടെ വെളിപ്പെടുത്തലുകള്‍ എന്നും ഷോണ്‍ ആരോപിക്കുന്നു. അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ ഡിജിപിക്ക് ദിലീപ് പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നായിരുന്നു ദിലീപ് പരാതിപ്പെട്ടത്. ഓഡിയോ ക്ലിപ്പ് എന്ന തെളിവ് സഹിതം ആയിരുന്നു പരാതി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരുടെ പേരുകള്‍ ദിലീപ് ആ ഓഡിയോ ക്ലിപ്പില്‍ പറഞ്ഞിട്ടുമുണ്ട്.
ദിലീപ് പരാതി ഉന്നയിച്ച പേരുകാരെ എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാത്തത് എന്നും ഷോണ്‍ ചോദിക്കുന്നു. ദിലീപ് തെളിവായി നല്‍കിയ ഓഡിയോ ക്ലിപ്പ് എന്തുകൊണ്ടാണ് ഡിജിപി പുറത്ത് വിടാത്തത് എന്നും ഷോണ്‍ ചോദിക്കുന്നു. പൊതുസമൂഹത്തിന് വിശ്വാസമാകുന്ന തെളിവുകളാണ് പോലീസ് നല്‍കേണ്ടത്. ഒരു പോലീസുകാരനെ കേസില്‍ സാക്ഷിയാക്കിയതിലും ഷോണ്‍ ജോര്‍ജ് സംശയം ഉന്നയിക്കുന്നു. സുനി ദിലീപിന് പോലീസുകാരന്റെ ഫോണിൽ നിന്നും സന്ദേശം അയച്ചതായി കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ നേരത്തെ പിസി ജോര്‍ജും സംശയം പ്രകടിപ്പിച്ചിരുന്നു. കാക്കനാട് ജയിലില്‍ വെച്ച് ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു പിസിയുടെ ആരോപണം. സുനി ജയിലില്‍ വച്ചെഴുതിയ കത്തിലും പിസി ജോര്‍ജ് സംശയം പ്രകടിപ്പിച്ചിരുന്നു