
കൊച്ചി: ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസി തന്നെ യെന്ന് ഷോണ്‍ ജോര്‍ജ്. കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്‌സാലോജിക് ആണ്.
2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. മാസപ്പടി മാത്രമായി ലഘൂകരിക്കരുതെന്നും തന്റെ കൈയില്‍ ഉള്ള എല്ലാ രേഖകളും എസ്എഫ്‌ഐഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡയുമായി മുഖ്യമന്ത്രിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പലരും കാനഡയില്‍ ഉണ്ട്. എല്ലാം ഏജന്‍സികള്‍ അന്വേഷിക്കട്ടെ. തനിക്കെതിരായ വീണ വിജയന്റെ പരാതി നിയമപരമായി നേരിടുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോയി കിടക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏട്ടോളം ചാരിറ്റി സംഘടനകളില്‍ നിന്ന് എക്‌സാലോജിക് പണം സ്വീകരിച്ചിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഷോണ്‍ പറഞ്ഞു. തോട്ടപ്പള്ളിയില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയത് തുച്ഛമായ വിലക്കാണ്. മുപ്പത്തിനായിരം രൂപ വില ഈടാക്കേണ്ടിടത്ത് ഖനനാനുമതി നല്‍കിയത് 467 രൂപക്കാണ്. കെഎംഎംഎല്ലിന് കുറഞ്ഞ വിലയ്ക്ക് മണല്‍ നല്‍കാന്‍ കെഎസ്‌ഐഡിസി ഇടപെടല്‍ നടത്തി. കെഎസ്‌ഐഡിസിയില്‍ ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ വിരമിക്കലിന് ശേഷം സിഎംആര്‍എല്‍ ഡയറക്ടര്‍മാരായെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.