മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കരുളായി വനമേഖലയില്‍ ഉള്‍ക്കാടിലെ മാവോയിസ്റ്റ് ബേസ് ക്യാമ്പില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമടക്കം മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരങ്ങള്‍.
ഇരുവിഭാഗവും പരസ്പരം വെടിവച്ചു. ആന്ധ്ര സ്വദേശി ദേവരാജ്, അജിത എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണു കൊല്ലപ്പെട്ടതെന്നാണു റിപ്പോര്‍ട്ടുകള്‍. ദേവരാജാണ് മാവോയിസ്റ്റു കേന്ദ്ര കമ്മിറ്റി അംഗം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണു പൊലീസുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. മുന്‍കൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധമായ പ്ലാനിഗിലൂടെ നടത്തിയ തിരച്ചിലില്‍ മാവോവാദി ക്യാമ്പ് കണ്ടെത്തിയ തണ്ടര്‍ബോള്‍ട്ട് അടങ്ങിയ പൊലീസ് സംഘം ആക്രമണം നടത്തുകയായിരുന്നു. പദ്ധതിയിട്ടതുപ്രകാരം ഇന്നു പുലര്‍ച്ചെ തിരച്ചില്‍ തുടങ്ങി കാടുകയറിയപൊലീസ് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് വെടിവയ്പ്പുണ്ടായത്. പന്ത്രണ്ടോളം പേര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. കാട്ടിലേക്ക് രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ തുടരുകയാണ്.
സൈലന്റ് വാലിവഴി പാലക്കാട്ടേക്കും അതുവഴി തമിഴ്നാട്ടിലേക്കും പോകാം എന്നതും വയനാടന്‍ കാടുകളിലേക്ക് എളുപ്പം കടക്കാമെന്നതും അതുവഴി കര്‍ണാടകയുടെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാമെന്നതുമെല്ലാം ആണ് മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ തമ്പടിച്ചിരിക്കുന്നതിന്റെ കാരണണമെന്നാണ് സൂചന. ആദിവാസി കോളനികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ വ്യാപിപ്പിച്ചതോടെയാണ് ഇന്ന് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സായുധപൊലീസിന്റെയും വനംവകുപ്പിന്റെയും സംഘമാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സമീപ കാലങ്ങളില്‍ നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിരുന്നു. ആദിവാസി മേഖലകളില്‍ എത്തി അവരെ വിരട്ടിയും മറ്റും സാധനങ്ങള്‍ വാങ്ങിക്കുകയും വനത്തിലേക്ക് തിരികെ മടങ്ങുകയുമായിരുന്നു പതിവ്. ഇന്നലെ തന്നെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നീക്കം നടത്താന്‍ പൊലീസ് കരുനീക്കിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. അറുപതോളം പേരടങ്ങുന്ന പൊലീസ് സംഘം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ വനത്തില്‍ തിരച്ചില്‍ ആരംഭിക്കുകയും പന്ത്രണ്ടുമണിയോടെേേ മാവായിസ്റ്റുകളുടെ താവളം കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു എന്നുമാണ് സൂചനകള്‍. 12പേര്‍ അടങ്ങിയ ബേസ് ക്യാമ്പിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.