കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചാണ് വ്യാപാര വ്യവസായി ഏകോപന അനിശ്ചാതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.
നോട്ട് നിയന്ത്രണത്തിന്റെ മറവില്‍ ഇന്‍കം ടാക്സ് കടകളില്‍ അനാവശ്യമായി റെയ്ഡ് നടത്തുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം. റെയ്ഡ് അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ പറഞ്ഞു.
500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിപണികളില്‍ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വര്‍ണ വ്യാപാര മേഖലകളില്‍ ഇതിനകം വലിയ തോതില്‍ കച്ചവടം കുറഞ്ഞിരിക്കുകയാണ്. അതൊടൊപ്പം തന്നെ, പച്ചക്കറി മുതലായ അവശ്യവസ്തുക്കളുടെ വിപണിയും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല ഹോട്ടലുകളും പ്രതിസന്ധിയെ തുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒപ്പം, സംസ്ഥാനത്തെ നിര്‍മ്മാണ്, റിയല്‍ എസ്റ്റേറ്റ് മേഖലയും 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മന്ദഗതിയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്.