സ്ത്രീ ശരീരത്തിലേയ്ക്ക് ആക്രമണം നടത്തുന്നത് ശാരീരകമായി മാത്രമല്ല. ചുറ്റും ഉള്ളവര്‍ക്ക് മനസ്സിലാക്കാാന്‍ കഴിയാത്ത രീതിയില്‍ കണ്ണുകള്‍ കൊണ്ട് പീഡിപ്പിക്കുന്നതും സാധാരണമാണ്. സ്ത്രീകള്‍ വളരെ സങ്കടത്തോടെ ക്ഷമിക്കേണ്ടി വരുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഇതാ ഒരു ഹ്രസ്വചിത്രം.
ആത്മ നിന്ദയോടെ സ്വയം പഴിച്ച് കൂടുതല്‍ വസ്ത്രങ്ങളില്‍ മൂടിപ്പൊതുഞ്ഞ് ശരീരം സൂക്ഷിക്കുന്ന സ്ത്രീകളും സ്ത്രീ ശരീരത്തിലേക്ക് കൗതുകത്തിന്റെ കാമക്കണ്ണികളെറിയുന്ന പുരുഷന്മാരും ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം. സഹികെട്ട് ഒരു പെണ്ണു പ്രതികരിച്ചു പോകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയുടെ ഇതിവൃത്തം. മേലധികാരിയായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട് അയാളുടെ നോട്ടങ്ങളെ നിശ്ശബ്ദം സഹിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നത്.
മീനാക്ഷിയെന്ന സഹപ്രവര്‍ത്തകയ്ക്ക് മേലുദ്യോഗസ്ഥന്‍ നല്‍കിയ ചെല്ലപ്പേര് മഡോണയെന്നാണ്. മനപൂര്‍വം അവളെ മുന്നില്‍ക്കൊണ്ടു വരാനും നോട്ടം കൊണ്ടും സ്പര്‍ശംകൊണ്ടും അവളുടെ ശരീരത്തെ ആസ്വദിക്കാനും ഓഫീസിലുള്ള സമയമത്രയും അയാള്‍ വിനിയോഗിക്കും. മറ്റു സഹപ്രവര്‍ത്തകര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ടെങ്കിലും മേലധികാരിയെ ഭയന്ന് അവര്‍ നിശ്ശബ്ദത പാലിക്കാറാണ് പതിവ്.
മേലധികാരിയുടെ പെരുമാറ്റം അതിരുവിട്ടൊരു ദിവസം അവള്‍ പ്രതികരിക്കുക തന്നെ ചെയ്തു. ഓഫീസ് ഫയലിന്റെ കാര്യമന്വേഷിച്ച് തന്നെ വിളിച്ചു വരുത്തിയ മേലധികാരി താന്‍ സംസാരിക്കുന്ന ഔദ്യോഗിക കാര്യങ്ങള്‍ ശ്രദ്ധിക്കാതെ തന്റെ മാറില്‍ത്തന്നെ തുറിച്ചുനോക്കുന്നതു കണ്ട് സഹികെട്ട് അവള്‍ അയാളോടു ചോദിക്കുന്നു. സാര്‍ എന്തിന്റെയെങ്കിലും ഭംഗി ആസ്വദിക്കുകയാണോയെന്ന്. എന്നിട്ടും അയാള്‍ക്ക് ചമ്മലില്ലെന്നു കണ്ട് അവള്‍ തുറന്നു ചോദിക്കുന്നു തന്റെ മാറിടത്തിന്റെ ഭംഗിയാണ് കഷ്ടപ്പെട്ട് ആസ്വദിക്കുന്നതെങ്കില്‍ അതു താന്‍ കാട്ടിത്തരാമെന്നു പറഞ്ഞ് അവള്‍ വസ്ത്രം അയാള്‍ക്കു മുന്നില്‍ അഴിക്കാനൊരുങ്ങുന്നു.
സഹപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുവെന്നും മൗനം പാലിക്കൂവെന്നും അയാള്‍ അവളെ ഭീഷണിപ്പെടുത്തുന്നു. എങ്കില്‍ അവരും കണ്ടോട്ടെയെന്നും തനിക്കു സ്പെഷ്യലായി ഒന്നുമില്ലെന്നും സാറിന്റെ ഭാര്യയുടെ ശരീരത്തിലുള്ളതു തന്നെയേ തനിക്കുമുള്ളൂവെന്നും അവള്‍ ശക്തമായ ഭാഷയില്‍ തുറന്നടിക്കുന്നു. അളവുകളിലും മൃദുത്വത്തിലും വ്യത്യാസം കാണുമായിരിക്കുമെന്ന് അവള്‍ ഉച്ചത്തില്‍ പറയുമ്പോള്‍ സഹപ്രവര്‍ത്തകരുടെ മുന്നിലിരുന്ന് അയാള്‍ ഉരുകുന്നു.
കാര്യങ്ങള്‍ തുറന്നു സംസാരിച്ചപ്പോള്‍ സാറിനു നാണം വരുന്നതുകണ്ടോയെന്ന് അവള്‍ സഹപ്രവര്‍ത്തകരോടു ചോദിക്കുന്നു. ചിലര്‍ അവളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റു സ്ത്രീ സഹപ്രവര്‍ത്തകര്‍ അവരെ പിന്തിരിപ്പിക്കുന്നു. സ്ത്രീകള്‍ക്കെല്ലാം സമാന അനുഭവം ഇയാളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് വയ്ക്കുന്നു സംവിധായകന്‍. സാര്‍ കാരണമാണ് എനിക്കു സ്ലീവ്ലെസ് വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അവള്‍ തന്റെ സീറ്റിലേക്കു മടങ്ങിപ്പോകുന്നു.
അവള്‍ ശബ്ദമുയര്‍ത്തിയപ്പോഴൊക്കെ ഇതിന്റെ ഫലം നീ അനുഭവിക്കുമെന്നു അയാള്‍ ഭീഷണിപ്പെടുത്തിയെങ്കിലും പതറാതെ തളാരാതെ അന്നോളം ഉള്ളിലൊതുക്കിയ വീര്‍പ്പുമുട്ടലുകള്‍ അതിശക്തമായ ഭാഷയില്‍ അവള്‍ അയാളെ അറിയിച്ചു. അശ്ലീലത സഹിക്കുകയല്ല മറിച്ച് അതിനെതിരെ പ്രതികരിക്കുകയാണു വേണ്ടതെന്ന് ഈ വിഡിയോ പറഞ്ഞു വയ്ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ പ്രതികരണത്തിന് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ ലോകം തന്നെ മാറ്റി മറിക്കാമെന്നും. സ്വരമിടറുമ്പോഴും മനസ്സിലുള്ളത് തുറന്നു പറയാന്‍ കഴിയണമെന്നും പറഞ്ഞുകൊണ്ടാണ് ബോംബെ ഡയറീസ് ഈ ഹ്രസ്വചിത്രം അവതരിപ്പിച്ചത്.