പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് കമലും ഗൗതമിയും പിരിയാന്‍ തീരുമാനിച്ചതിന് പിന്നില്‍ ശ്രുതി ഹാസനാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തി.
തന്റെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാള്‍ പിതാവാണെന്നും അദ്ദേഹത്തിന് പ്രാധാന്യമുള്ളയാ ള്‍ക്കാരെ താന്‍ ബഹുമാനിക്കാറുണ്ടെന്നും നടി വ്യക്തമാക്കി.കുടുംബത്തെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടെങ്കിലും മറ്റാരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചോ തീരുമാനങ്ങളിലോ ശ്രുതി ഒരിക്കലും അഭിപ്രായം പറയാറില്ലെന്നുംഎല്ലാ കാര്യത്തിലും തന്റെ അച്ഛനും കുടുംബത്തിനും സഹോദരിക്കുമൊപ്പമേ നില്‍ക്കാറുള്ളൂ എന്നും ശ്രുതി വ്യക്തമാക്കി.
ഗൗതമിയുടെ പ്രസ്താവന വരുന്നതിന് തൊട്ടു മുമ്പുള്ള ശ്രുതിയുടെ ഒരു ട്വീറ്റും വിവാദത്തിന് കാരണമായിരുന്നു.നമ്മുടെ ഉള്ളില്‍ പെട്ടന്നുണ്ടാകുന്ന ചില മാറ്റങ്ങള്‍ നമ്മെ തന്നെ അതിശയിപ്പിക്കാറുണ്ട്. എല്ലാം തിരിച്ചറിയുന്ന നിമിഷത്തില്‍, അല്ലെങ്കില്‍ പുതിയൊരു കാഴ്ചപ്പാടുകള്‍ക്ക് തുടക്കമാകും ചില മാറ്റങ്ങള്‍- ഇങ്ങനെയായിരുന്നു ശ്രുതിയുടെ ട്വീറ്റ്. ഈ ട്വീറ്റ് ഗൗതമിയെക്കുറിച്ചായിരുന്നെന്നും അച്ഛന്‍ കമല്‍ഹാസനുമായുള്ള ഗൗതമിയുടെ വേര്‍പിരിയലിനെപ്പറ്റിയുള്ള സൂചനയായിരുന്നു ഈ ട്വീറ്റിലൂടെ ശ്രുതി പറഞ്ഞതെന്നും വിമര്‍ശനം ഉയര്‍ന്നു.
സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റിനിടെയാണ് ഗൗതമിയും ശ്രുതിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.ശ്രുതിയും കമല്‍ഹാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയായിരുന്നു ഇത്. അക്ഷര ഹാസന്‍ ആയിരുന്നു സിനിമയുടെ സഹസംവിധായിക. ഗൗതമി ആയിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. ഇതില്‍ ഗൗതമി ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ശ്രുതിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും, ഒരു ദിവസം ഷൂട്ടിങ് തന്നെ നിര്‍ത്തി വെക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് ശ്രുതി തന്നെ വാര്‍ത്തയുടെ വിശദീകരണവുമായി രംഗത്തെത്തി. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ വ്യക്തിപരമല്ലെന്നുമായിരുന്നു ശ്രുതിയോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയത്.
അതേ സിനിമയുടെ ചിത്രീകരണത്തിനിടെ കമലിന് കാലില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടവിവരം മക്കളായ ശ്രുതിയെയും അക്ഷരയെയും ഗൗതമി താമസിച്ചാണ് അറിയിക്കുന്നത്. ഇതും വലിയ വഴക്കിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഗൗതമിക്ക് വലിയ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കമലില്‍ നിന്നും മക്കളില്‍ നിന്നും പിരിഞ്ഞ് സ്വന്തം മകളായ സുബ്ബുവിനൊപ്പം താമസിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.