കണ്ണൂര്‍: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കര്‍ണാടകയിലെ വിരാജ്‌പേട്ടയിലെ ഒരു വീട്ടില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ പ്രതികളെ തേടി ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും അവസാനനിമിഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിടിയിലായവരുടെ . ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക.
ശുഹൈബിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാരാണ്, എന്ത് സാഹചര്യത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്, പാര്‍ട്ടിയുടെ ഏത് തലത്തില്‍ വരെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു എന്നീ കാര്യങ്ങളില്‍ ഇനി വ്യക്തത വരാനുണ്ട്. അന്വേഷണപുരോഗതി അറിയിക്കുന്നതിനായി അല്‍പസമയത്തിനകം കണ്ണൂര്‍ എസ്.പി മാധ്യമങ്ങളെ കണ്ടേക്കും എന്നും സൂചനയുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ റിജിന്‍ രാജും ആകാശ് തില്ലങ്കേരിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ സാക്ഷികള്‍ ഇന്നലെ തിരിച്ചറിയുമായും ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയതോടെയാണ് അന്വേഷണം ഊര്‍ജിതമാകുകയും കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയില്‍ ആകുകയും ചെയ്തത്.