മലയാളി ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്റെ കമന്ററി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ ഷൈജുവിന്റെ കളി പറച്ചിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈറലായി ഷൈജുവിന്റെ ഡബ്‌സ്മാഷും. രണ്ടു കുട്ടികള്‍ ഷൈജുവിന്റെയും കൂടെയുള്ള വ്യക്തിയുടെയും ശബ്ദത്തോടൊപ്പം അഭിനയിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മല്‍സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍!ഡോ നേടിയ ഫ്രീകിക്ക് ഗോളിനെക്കുറിച്ച് ഷൈജു നടത്തിയ രസകരമായ വിവരണമാണ് കുട്ടികള്‍ അഭിനയിച്ചത്. കൂടെ അവരുടെ ഭാവങ്ങളും കൂടിയായപ്പോള്‍ സംഗതി സമൂഹമാധ്യമങ്ങളില്‍ കത്തിക്കയറി. ലോകകപ്പ് ഫുട്‌ബോളിന്റെ ചിയര്‍ ലീഡര്‍മാരിലൊരാളായ ജോ മോറിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളുടെ വീഡിയോ ട്വീറ്റ് ചെയ്തു. തങ്ങളുടെ കമന്റേറ്റര്‍മാരിലൊരാളായ ഷൈജുവിന്റെ വാക്കുകള്‍ കുട്ടികള്‍ അഭിനയിക്കുന്നത് കണ്ട് ചിരിയടക്കാനാകുന്നില്ലെന്നായിരുന്നു മോറിസണിന്റെ ട്വീറ്റ്.
നാന്‍ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്, റോണോ വന്തിട്ടേന്ന് സൊല്ല്, റൊണാള്‍ഡോ ഡാ…… എന്നിങ്ങനെ പോകുന്നു സ്‌പെയിനിനെതിരെ റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ ഷൈജു നടത്തിയ പ്രയോഗങ്ങള്‍. മലയാളികളോട് ഏറ്റവും നന്നായി കണക്ട് ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങള്‍ സിനിമയും സംഗീതവുമായതുകൊണ്ടാണ് ഇത്തരം വാക്കുകള്‍ കമന്ററിയില്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിലൂടെ വീണ്ടും സജീവമായതോടെ ഷൈജുവിന്റെ കമന്ററികള്‍ ഡബ്‌സ്മാഷിന് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. ഐഎസ്എല്‍ കമന്ററികളിലൂടെയാണ് ഷൈജു മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനാകുന്നത്.