സ്വന്തം ലേഖകൻ
ച്ക്കരക്കല്ല്: കോടതിയിൽ പോയി മണിക്കൂറുകളോളം നിൽക്കുന്നതോ, പിഴ അടച്ച ശേഷം വീ്ട്ടിൽ പോകുന്നതോ ശിക്ഷയായി ഒരാൾക്കും തോന്നാറില്ലെന്ന യാഥാർഥ്യം നിലനിൽക്കെ വ്യത്യസ്തനായ ഒരു എസ്‌ഐ ആകാനുള്ള ശ്രമത്തിലാണ് ചക്കരക്കല്ല് എസ്‌ഐ പി.ബിജു. ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളിയെ പോലെ വ്യത്യസ്തമായ ശിക്ഷാ രീതികളിലൂടെ പ്രതികളുടെ പോലും പ്രിയപ്പെട്ടവനായി ഈ എസ്‌ഐ മാറി. പെറ്റി കേസുകളുമായി തനിക്ക് മുന്നിൽ എത്തുന്നവർക്ക് ഇദ്ദേഹം കൊടുക്കുന്ന പണി ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമാണെന്നതാണ് പ്രത്യേകത.
അമിതവേഗത്തിലും ഹെൽമറ്റ് ധരിക്കാതെയും രേഖകളില്ലാതെയുമൊക്കെ കുടുങ്ങിയ പല ന്യൂജനറേഷൻ കുട്ടികൾക്കും കിട്ടിയത് നല്ല എട്ടിന്റെ പണിയായിരുന്നു. 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഈ അമിതവേഗക്കാർ പിടിക്കപ്പെട്ടാൽ അവർക്ക് എസ് ഐ നൽകുന്ന ശിക്ഷ 1000 തവണ ഇമ്പോസിഷൻ എഴുതിക്കലാണ്. പിഴ വേറെുയും. ഇപ്പോൾ അത് ഒരു പായ്ക്കറ്റ് പച്ചക്കറി വിത്താക്കി മാറ്റി. ഈ വിത്തുമായി വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടാക്കണമെന്നതാണ് ശിക്ഷ.
വെറുതേ വിത്തും വാങ്ങിവെച്ച് വീട്ടിൽ കിടന്നുറങ്ങാമെന്ന് കരുതരുത്. ഓരോ ആഴ്ചയും സസ്യത്തിന്റെ വളർച്ച ഇദ്ദേഹം പോലീസുകാരെ വിട്ട് പരിശോധിക്കും. ട്രാക്ക് ചെയ്യാൻ വളർച്ചയുടെ ഓരോഘട്ടത്തിന്റെയും ചിത്രം എസ്‌ഐ ഉൾപ്പെട്ട വാട്‌സ് ആപ്പ് നമ്പറിൽ അയച്ചു കൊടുക്കുകയും വേണം. വ്യത്യസ്തമായ എസ്‌ഐ യുടെ രീതി ഇപ്പോൾ അനേകം ചെറുപ്പക്കാരെ മണ്ണിലിറക്കുകയും അവർക്കെല്ലാം വിഷമില്ലാത്ത പച്ചക്കറി തിന്നാമെന്നും ആക്കിയിട്ടുണ്ടെന്ന് ആൾക്കാർ പറയുന്നു. കഞ്ചാവടിച്ച് ബിജുവിന്റെ മുന്നിലെത്തിയവർക്ക് കിട്ടിയത് നല്ല ഒന്നാന്തരം പുസ്തകങ്ങൾ ആയിരുന്നു.
കഞ്ചാവുമായി പിടിക്കപ്പെട്ടവർക്ക് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു പുസ്തകം നൽകും. പുസ്തകം വാങ്ങി മുങ്ങാമെന്ന് കരുതരുത്. പുസ്തകത്തെക്കുറിച്ചുളള വിലയിരുത്തലോ ആസ്വാദന കുറിപ്പോ എഴുതിത്തയ്യാറാക്കി എസ് ഐയ്ക്ക് നൽകുകയും വേണം. അടുത്തിടെ ഷെയർ ഇട്ട് അടിച്ച ഏതാനും ചെറുപ്പക്കാർക്ക് കിട്ടിയത് സ്ഥലത്തെ കാടു വെട്ടിത്തെളിക്കാനുള്ള ശിക്ഷയായിരുന്നു.
നൈറ്റ് പെട്രോളിംഗിനിടെ ഒരു കാടുപിടിച്ച പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കുറെ ചെറുപ്പക്കാരെ കയ്യോടെ പൊക്കി. കുപ്പിയും ഡിസ്‌പോസിബിൾ ഗഌസ്സും മാറ്റാനായി എങ്കിലും മണമടിച്ചു. തുടർന്ന് ഇവർ ഇരുന്ന അവിടുത്തെ കാട് വെട്ടിത്തെളിക്കാൻ ആയിരുന്നു ശിക്ഷ നൽകിയത്. ഇക്കാര്യം ചെറുപ്പക്കാർ ഗൗരവമായി എടുത്തതോടെ കാട് വെട്ടിത്തെളിച്ച സ്ഥലത്ത് ഉണ്ടായത് തകർപ്പനൊരു ഗ്രൗണ്ടായിരുന്നു. ഇപ്പോൾ ചക്കരക്കല്ലിൽ ഇത്തരത്തിൽ അനേകം കളിക്കളങ്ങളാണ് ഉള്ളത്. ലഹരി മരുന്നും അധാർമ്മിക കൂട്ടുകെട്ടും കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. ശിക്ഷിച്ചത് കൊണ്ടു മാത്രഗ പ്രയോജനം ഇല്ലാത്തതിനാൽ അവർക്ക് ലക്ഷ്യങ്ങളും ആരോഗ്യവും നൽകുന്ന ശീലമാണ് വേണ്ടതെന്ന് ഈ എസ്‌ഐ ശക്തമായി വിശ്വസിക്കുന്നു.