തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ജനനേന്ദ്രീയം തകര്‍ത്ത മുന്‍ എസ് എഫ് ഐ നേതാവ് സമ്പത്തിനെ പോലീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നേമം സ്റ്റേഷനിലെ എസ് ഐ സമ്പത്തിനെയാണ് സസ്‌പെന്റ് ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സമ്പത്തിനെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് നേമത്ത് നിയമിച്ചത്. എന്നാല്‍ സര്‍ക്കാരിന് തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് സമ്പത്ത് നീങ്ങിയത് ഇതോടെ ഇയാളെ പാര്‍ട്ടിയും കൈവിട്ടു.
ചെയ്ത തെറ്റിന് മാന്യമായ ശിക്ഷ കൊടുത്തേ മതിയാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനത്തില്‍ അതിവഗ നടപടിയെടുത്തു. എസ് ഐ സമ്പത്തിനേയും പൊലീസുകാരന്‍ അജയനേയും സസ്പെന്റ് ചെയ്തു.
ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമാണ് സമ്പത്തിനെ സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്കപ്പ് മര്‍ദ്ദനത്തിന് പ്രാഥമിക തെളിവുള്ളതു കൊണ്ടാണ് ഇത്. നേരത്തെ പൊലീസ് മേധാവി സെന്‍കുമാറും ലോക്കപ്പ് മര്‍ദ്ദനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും സമ്പത്തിനെ സസ്പെന്റ് ചെയ്യാന്‍ കാരണമായി. സി.പി.എം പിന്തുണയുള്ളതുകൊണ്ട് തന്നെ നടപടിയുണ്ടാകില്ലെന്നാണ് എസ് ഐ സമ്പത്ത് കരുതിയിരുന്നത്.
യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലുമാണ് സമ്പത്ത് പഠനം പൂര്‍ത്തിയാക്കിയത്. യുണിവേഴ്സിറ്റിയില്‍ പഠിക്കുന്ന തുടക്കകാലത്ത് വി എസ് അച്യുതാനന്ദന്‍ പക്ഷമായിരുന്നു സമ്പത്ത്. പാര്‍ട്ടി നിഷേധിച്ചപ്പോള്‍ വിഎസിന് സീറ്റ് വാങ്ങി കൊടുക്കാന്‍ മറുവിഭാഗം നടത്തിയ പ്രകടനത്തിലും അണിചേര്‍ന്നതായി ആരോപണം ഉയര്‍ന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെ പഠനം പോലും പ്രതിസന്ധിയിലായി. പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് കൂടുമാറി. എസ് എഫ് ഐ സമരങ്ങളിലെ സജീവസാന്നിധ്യവുമായി. ലോ കോളേജില്‍ പഠിക്കുമ്പോഴും ഈ രാഷ്ട്രീയ ബന്ധം തുടര്‍ന്നു. പല കേസുകളിലും പ്രതികളായി. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമ്പത്തിന് ലോ കോളേജ് ഹോസ്റ്റലിലും ബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതെല്ലാം ക്രിമിനല്‍ കേസുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിംഷാ എന്ന വിദ്യാര്‍ത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തന്‍ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഉയര്‍ന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നില്‍ കടമ്പകള്‍ ഏറെയായിരുന്നു. ഇതിന് കോണ്‍ഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോള്‍ സമ്പത്ത് എസ് ഐ ആയി.
കഴിഞ്ഞ ദിവസം ഒരു കേസില്‍ പെട്ട യുവാവിനുവേണ്ടി സ്റ്റേഷനില്‍ സംസാരിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ജനനേന്ദ്രീയം തകര്‍ന്ന യുവാവ് ആശുപ്ത്രിയില്‍ ചികിത്സയിലാണ്.