തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതില്‍ നിന്നും വെട്ടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പി ജെ കുര്യനെതിരെ കളിച്ചുവോ… മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെ ആത്മകഥയിലാണ് ഇരുവരേയും പേരെടുത്ത് പറയാതെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. എന്‍ എസ് എസിന്റെ പിന്തുണയോടെ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാന്‍ അക്കാലത്ത് ചരടുവലിച്ചത് പി ജെ കുര്യനായിരുന്നു.
സംഭവത്തെ സിബി മാത്യൂസ് വിശദീകരിക്കുന്നത് ഇങ്ങന: 2013 ജനുവരിയില്‍ സുപ്രീം കോടതി സൂര്യനെല്ലിക്കേസിന്റ തെളിവുകള്‍ പുനഃപരിശോധിച്ച് ഹൈക്കോടതി വിധി പറയണമെന്ന് നിര്‍ദ്ദേശിച്ചു. അക്കാലത്ത് രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യനെനെ കേസില്‍ നിന്നൊഴിവാക്കിയതിന്റെ പേരില്‍ ചാനലുകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നുണ്ടായിരുന്നു.
മിക്കതും ഭാവനാ വിലാസങ്ങളായിരുന്നു. കേസില്‍കുര്യനെ പ്രതിചേര്‍ക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന മട്ടില്‍ നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളുമുണ്ടായി.
ഇങ്ങനെ കളം മൂത്തിരിക്കുന്നതിനിടയില്‍ സൂര്യനെല്ലിക്കേസന്വേഷണ സംഘത്തിലുണ്ടായി രുന്ന കെ. കെ. ജോഷ്വ (ബുക്കില്‍ ജോഷ്വയുടെ പേര് പറഞ്ഞിട്ടില്ല) എന്ന ഉദ്യോഗസ്ഥന്‍ സിബി മാത്യു സിനെതിരെ ഗുരുതരമായ ഒരു വെളിപ്പെട്ടുത്തലുമായി ഇന്ത്യാ വിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു.
ഇതിന്റെ ചൂടാറും മുമ്പേ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വന്‍ ‘വെളിപ്പെടുത്തലുമായി ‘ രംഗത്തു വന്നു. പിജെ കുര്യനെ പ്രതിയാക്കണ മെന്ന് ഞാന്‍ അന്വേഷണം നടക്കുമ്പോള്‍ പറഞ്ഞിരുന്നു. കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യുവാണ്. ‘ ‘ സൂര്യനെല്ലി കേസില്‍ ജില്ലാ കോടതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയപ്പോള്‍ സര്‍ക്കാരില്‍ നിന്ന് അനുമോദന ങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതെ വ്യക്തി 12 വര്‍ഷം കഴിഞ്ഞപ്പൊഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
അയാളെ ചാനല്‍ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരന്‍ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാന്‍ സൂര്യനെല്ലി യുടെ വടി ഉപയോഗിക്കുവാന്‍ അണിയറയില്‍ പലരും പ്രവര്‍ത്തിച്ചു. ഒരു മലയാളം ചാനല്‍ നിയന്ത്രിച്ചിരുന്ന ഒരു പാര്‍ലമെന്റ് മെമ്പറും ഡല്‍ഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേര്‍ന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.’ *
ഈ സംഭവം നടക്കുന്ന കാല’ത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ചര്‍ച്ച സജീവമായി നടക്കുമ്പോഴായിരുന്നു ജോഷ്വായുടെ വെളിപ്പെടുത്തല്‍. കുര്യനും തിരുവഞ്ചൂരും തമ്മില്‍ ഉടക്കിലായിരുന്നു.
എന്‍എസ്എസിന്റെ ന്റെ താല്പര്യപ്രകാരം രമേശിനെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുര്യന്‍ മുന്നിട്ട് നില്‍ക്കുന്ന നേരത്താണി പൂഴിക്കടകന്‍ പ്രയോഗമെന്നാണ് സിബി മാത്യൂസ് പറയാതെ പറയുന്നത്. ചെന്നിത്തലയെ ഒതുക്കാന്‍ നടത്തിയ കളികള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുമ്പോല്‍ കോണ്‍ഗ്രസില്‍ പുതിയ കലാപത്തിനാണ് തിരികൊളുത്തുന്നത്.