ബെംഗളുരു : സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ ഡി.കെ ഏക ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കും.
കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ കര്‍ണാടക പിസിസി അദ്ധ്യക്ഷനായി തുടരുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. പ്രഖ്യാപനം വരുന്നതോടെ വലിയ ആഘോഷത്തിലാണ് പ്രവർത്തകർ. സിദ്ധരാമയ്യയുടെ കട്ടൌട്ടിൽ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ നേതാവിന്റെ മുഖ്യമന്ത്രി പദം ആഘോഷിക്കുന്നത്.
ഇത് തന്റെ അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതവന്ന മുഖ്യമന്ത്രി സ്ഥാനവും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ കർണാടക കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡികെ ശിവകുമാർ കൂടി മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാൻഡിലേക്ക് നീങ്ങി.
രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെയും നേതൃത്വത്തി തുടർച്ചയായ ചർച്ചകൾ, കെസി വേണുഗോപാലിന്റെയും രൺദീപ് സിംഗ് സുർജെവാലയുടെയുെം അനുനയശ്രമങ്ങൾ എല്ലാം ഫലം കാണാതെ വന്നപ്പോൾ ഒടുവിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അവസാനം മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തെരഞ്ഞെടുത്ത തീരുമാനത്തിന് ഇരുവരുടെയും അംഗീകാരം.
രണ്ട് ടേം എന്നാണ് ആദ്യം ഉയർന്നുവന്ന ഫോർമുല. ആദ്യ ടേം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേം ഡികെയ്ക്കുമെന്നുള്ള ആവശ്യങ്ങളുയർന്നു. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ശഠിച്ചു. അവിടെയും ചർച്ച പരാജയപ്പെട്ടു. ഒടുവിൽ ഏക ഉപമുഖ്യമന്ത്രി, സുപ്രധാന വകുപ്പുകൾ, സോണിയയുടെ അനുനയശ്രമം എല്ലാം വന്നതോടെ ഡികെ അയഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത്, ടേം വ്യവസ്ഥകളില്ല എന്നതാണ്. ടേം വ്യവസ്ഥ ഇല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ കെ സി വേണുഗോപാൽ തള്ളി.