ബെംഗളൂരു: ശിവമോഗയില്‍ വന്ന് പശുവിറച്ചി കഴിക്കാന്‍ ധൈര്യം കാണിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തല വെട്ടുമെന്ന് പ്രഖ്യാപിച്ച് അറസ്റ്റിലായ പ്രാദേശിക നേതാവിനെ ബി.ജെ.പി. സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞു. ശിവമോഗ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ എസ്.എന്‍. ചന്നബസപ്പയില്‍ നിന്ന് വിവാദ പ്രസംഗം സംബന്ധിച്ച് വിശദീകരണം തേടിയിട്ടുമുണ്ട്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് മറ്റ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി പറഞ്ഞു.
താനൊരു സസ്യഭുക്കാണെങ്കിലും വേണ്ടിവന്നാല്‍ പശുവിറച്ചി കഴിക്കാന്‍ തയ്യാറാണെന്നും ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഒരു പൊതുയോഗത്തില്‍ ചന്നബസപ്പയുടെ വിവാദ പ്രസംഗം. ഗോമാതാവിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നു. ഹിന്ദുക്കളുടെ വികാരത്തെയാണ് മുഖ്യമന്ത്രി വ്രണപ്പെടുത്തിയിരിക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വന്ന് പശുവിറച്ചി കഴിക്കൂ. എങ്കില്‍ ആ ദിവസം തന്നെ മുഖ്യമന്ത്രിയുടെ കഴുത്ത് അറുത്തിരിക്കും-പ്രസംഗത്തില്‍ ചന്നബസപ്പ പറഞ്ഞു. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഐ.പി.സി.യിലെ 153, 353, 506 വകുപ്പുകള്‍ ചുമത്തി ശിവമോഗ പോലീസ് ചന്നബസപ്പയെ ചൊവ്വാഴ്ച വൈകീട്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുശേഷമാണ് പ്രാദേശിക നേതാവിനെ തള്ളിപ്പറഞ്ഞ് ബി.ജെ.പി. സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. ചന്നബസപ്പയുടെ പ്രസംഗം ബി.ജെ.പി. ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും പാര്‍ട്ടി പിന്തുടരുന്ന രാഷ്ട്രീയ സംസ്‌കാരത്തിനും എതിരാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ചന്നബസപ്പയില്‍ നിന്ന് വിശദീകരണം തേടിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മറ്റ് നേതാക്കളോട് പ്രസംഗങ്ങളില്‍ മര്യാദയുടെ ലക്ഷണരേഖ മറികടക്കരുതെന്ന് താക്കീത് നല്‍കിയിട്ടുമുണ്ട്.