പത്തനാപുരം : മൊബൈല്‍ നമ്പറിന്റെ ഉടമ അറിയാതെ വന്‍തുകകള്‍ക്കു റീചാര്‍ജ് ചെയ്യപ്പെടുന്നുവെന്ന് പരാതി കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്ന സംശയം ഉയര്‍ത്തുകയാണ് പത്തനാപുരം പള്ളിമുക്കു സ്വദേശി മുഹമ്മദ് സിദ്ദീഖ്.
തന്റെ നമ്പറിന്റെ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ താനറിയാതെ റീചാര്‍ജ് ചെയ്ത തുക കണ്ടു സിദ്ദീഖ് ഞെട്ടി. ഈമാസം 11നു 8,88,515 (എട്ടുലക്ഷത്തി എണ്‍പത്തിഎണ്ണായിരത്തി അഞ്ഞൂറ്റിപതിനഞ്ചു) രൂപയുടെ റീചാര്‍ജാണ് ഒറ്റത്തവണ നടത്തിയിരിക്കുന്നത്. ഇത് സിദ്ദീഖിനേയും ഞെട്ടിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായി സിദ്ദീഖ് ഇതിനെ വിലിയിരുത്തുന്നുണ്ട്. ഇത്തരം റീ ചാര്‍ജ്ജിംഗില്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്നും സൂചനയുണ്ട്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയം.
മറ്റു ദിവസങ്ങളിലെ റീചാര്‍ജ് തുകയുടെ കണക്കില്‍ പിശകൊന്നും കാണുന്നുമില്ല. ഇങ്ങനെ റീചാര്‍ജ് ചെയ്ത വിവരം മൊബൈലില്‍ മെസേജ് ആയി വരുന്നില്ലെന്നതാണു മറ്റൊരു വസ്തുത. അതതു മൊബൈല്‍ കമ്പനികളുടെ സൈറ്റുകളില്‍ കയറി പരിശോധിക്കുമ്പോഴാണ് ഇതു ബോധ്യപ്പെടുക. ആരാണ് റീചാര്‍ജ്ജ് ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് മൊബൈല്‍ കമ്പനികള്‍.