അമേരിക്കയില്‍ വീണ്ടും വംശീയാധിക്ഷേപം. ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് വംശീയാധിക്ഷേപത്തിന് ഇരയായത്. രജ്പ്രീത് ഹെര്‍ എന്ന സിക്കു വംശജക്കു നേരെയാണ് ട്രെയിനില്‍ വച്ച് സഹയാത്രികന്‍ വംശീയാധിക്ഷേപം നടത്തിയത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പെങ്കടുക്കാനായി ന്യൂയോര്‍ക്കില്‍ നിന്നും മാന്‍ഹാട്ടണിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി.
മധ്യേഷ്യക്കാരിയാണെന്നു കരുതിയാണ് അമേരിക്കക്കാരന്‍ അധിക്ഷേപം ചൊരിഞ്ഞത്. ‘നീ ഈ രാജ്യത്തുള്ളവളല്ല, ലെബനിലേക്ക് തിരിച്ചു പോ’ എന്നാണ് ഇയാള്‍ ആക്രോശിച്ചതെന്ന് പെണ്‍കുട്ടിപറഞ്ഞു. അമേരിക്കയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നിങ്ങളെപ്പോലുള്ളവരാണെന്നും ലെബനിലേക്ക് തിരികെ പോകുവെന്നും സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതു വരെ ആക്രോശിച്ചതായി രജ്പ്രീത് പറഞ്ഞു. അമേരിക്കയില്‍ സൗതേഷ്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന വംശീയ വെറിയുടെ ഏറ്റവും പുതിയ ഇരയാണ് രജ്പ്രീത്.
സഹയാത്രികരായ സ്ത്രീകള്‍ സഹായത്തിനെത്തിയെന്നും പിന്തുണ നല്‍കുകയും പൊലീസില്‍ പരാതിപ്പെടാന്‍ സഹായിക്കുകയും ചെയ്‌തെന്നും രജ്പ്രീത് മാധ്യമങ്ങളോട് പറഞ്ഞു.