ലണ്ടന്‍: ഹിന്ദു മതവിശ്വാസിയായ മുന്‍ കാമുകനെയും കുടുംബത്തെയും അധിക്ഷേപിച്ചതിന് സിഖ് യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ഇന്ത്യയിലല്ല സംഭവം നടന്നത് ഇംഗ്ലണ്ടിലാണ്. വംശീയമായി അധിക്ഷേപിക്കുകയും വീട്ടിന് മുന്നില്‍ ബീഫ് വിളമ്പിയത് അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ബ്രിട്ടീഷ് യുവതിയായ അമന്‍ദീപ് മുധര്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മതവിശ്വാസ പ്രകാരം ജീവിക്കുന്നവരുടെ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണമെന്നും യുവതി ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായും കേസില്‍ വിധി പറഞ്ഞ ന്യായാധിപന്‍ ചൂണ്ടിക്കാട്ടി.
മുന്‍കാമുകനെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും യുവതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. 2012ല്‍ കുറച്ച് ആഴ്ചകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ബന്ധമാണ് യുവതിക്ക് പരാതിക്കാരനുമായുണ്ടായിരുന്നത്.
എന്നാല്‍ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം യുവതിയും കുടുംബവും യുവാവിന് നേരെ വംശീയമായ അധിക്ഷേപം നടത്തുകയും യുവാവിന്റെ സഹോദരിമാരെയും മാതാവിനെയും പീഡിപ്പിക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുകയും ചെയ്തു. യുവാവിന്റെ വീടും കാറും തകര്‍ക്കാനും ശ്രമമുണ്ടായെന്നും കോടതി കണ്ടെത്തി.
സുഹൃത്തുമായി ചേര്‍ന്ന് യുവാവിന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമിട്ടു. ഇതിന് പുറമെ യുവാവിന്റെ വീട്ടിലേക്ക് ബീഫ് പാര്‍സലായി അയച്ചതായും കോടതി കണ്ടെത്തി. തുടര്‍ന്നാണ് യുവതിക്കെതിരെ കോടതി നടപടിയെടുത്തത്.