ബ്രസീലിയ: നവജാത ശിശുക്കളിലെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളായ വനിതകള്‍ ഈ വര്‍ഷം നടക്കുന്ന ഒളിംബിക്‌സിന് വരരുതെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ സ്റ്റാഫ് ചീഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മുന്നറിയിപ്പുമായി ഒളിംപിക്‌സ് ആതിഥേയര്‍ രംഗത്തെത്തിയിരിക്കുന്നത്.
പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികളെയാണ് സിക്ക വൈറസ് ഏറെ ബാധിക്കുക. അതുകൊണ്ടു തന്നെ അവര്‍ ഒളിംപിക്‌സിനായി ബ്രസീലിലേക്ക് വരരുതെന്നാണ് എനിക്ക് വിഷമത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത് എന്നായിരുന്നു ദില്‍മ റൂസഫിന്റെ ചീഫ് സ്റ്റാഫ് ജാക്ക്‌സ് വാഗ്‌നറുടെ വാക്കുകള്‍.
എന്നാല്‍ സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റി വെക്കാനോ ഉപേക്ഷിക്കുകയോ ഇല്ലെന്നും അത്തരം വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാമെന്നും വാഗ്‌നര്‍ അറിയിച്ചു. ആറു മാസം മാത്രമേ ഒളിംബിക്‌സിന് ബാക്കിയുള്ളുവെന്നും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും വാഗ്‌നര്‍ പറഞ്ഞു.
4000ത്തോളം പേര്‍ക്കാണ് ബ്രസീലില്‍ സീക്കാ വൈറസ് ബാധ സംശയിക്കുന്നത്. ഇതില്‍ 270 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.