സ്വന്തം ലേഖകൻ
റിയോ: മെഡലില്ലാതെ നാണക്കേടിന്റെ മുഖം കുനിച്ചു നിന്ന ഇന്ത്യയ്ക്കു ഒളിംപിക്‌സ് വേദിയിൽ അഭിമാനത്തിന്റെ വെള്ളി വെളിച്ചം വാനോളം ഉയർത്തിയിട്ടും അവർക്ക് അറിയേണ്ടിയിരുന്നത് അവളുടെ ജാതിയായിരുന്നു. ഏതു തലത്തിലേയ്ക്കു ഉയർന്നാലും അവളുടെ ജീവിതത്തിലെ ജാതിയുടെ വാലു തേടി പിൻതുടരുകയാണ് ഇപ്പോൾ ഇന്ത്യയിലെ ജനത. അവളുടെ വിദ്യാഭ്യാസയോഗ്യതയുമായിരുന്നില്ല, ഗൂഗിളിൽ തെരയാനെത്തിയവർക്ക് അറിയേണ്ടിയിരുന്നത് സിന്ധുവിന്റെ ജാതിയായിരുന്നു. റിയോ ഒളിമ്പിക്‌സിൽ ബാഡ്മിന്റണിൽ വെള്ളി നേടിയെങ്കിലും സിന്ധുവിനെക്കുറിച്ച് ഇന്റർനെറ്റിൽ ഏറ്റവും സെർച്ച് ചെയ്തത് താരത്തിന്റെ ജാതി ഏതാണെന്നതാണ്. മെഡലിനേക്കാൾ രാജ്യത്തെ ചിലർക്കെങ്കിലും ജാതിയാണ് പ്രധാനമെന്ന് ഈ സംഭവം തെളിയിക്കുന്നു.
സിന്ധുവിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ജാതി അന്വേഷിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. സിന്ധുവിന്റേത് മാത്രമല്ല പരിശീലകൻ ഗോപീചന്ദിന്റെ ജാതി പോലും അന്വേഷിച്ചവരുടെ എണ്ണവും കുറവല്ല. ഇരുപത്തൊന്നുകാരിയായ സിന്ധു ഫൈനലിൽ അടിപതറിയത് സ്‌പെയിനിന്റെ കരോളിന മരീനോടാണ്. വെള്ളി നേട്ടത്തിൽ രാജ്യമെങ്ങും ആഘോഷം നടക്കുന്നതിനിടെയാണ് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം.
ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ചത് മുതൽ സോഷ്യൽ മീഡിയ സിന്ധുവിനൊപ്പമാണ്. ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടതും സിന്ധുവിനെ തന്നെ. ഉസൈൻ ബോൾട്ടിനെയും സച്ചിൻ തെണ്ടുൽക്കറിനെയും ഒറ്റ ദിവസംകൊണ്ട് പിന്തള്ളാൻ സിന്ധുവിനായി.