കൊച്ചി: വിപ്ലവത്തിന്റെ ചൂടുംചൂരുമേറ്റ യൗവനകാലം പിന്നിടുമ്പോള്‍ സിന്ധുജോയി ഇനി ആത്മീയത തുളുമ്പുന്ന സുവിശേഷകയുടെ വേഷത്തിലേയ്ക്ക്. വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്ന പഴയ വിപ്ലവ തീപന്തം ഇനി ഭര്‍ത്താവിന്റെ മാര്‍ഗത്തില്‍ സുവിശേഷ പ്രചാരകയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സിന്ധുജോയി തന്റെ വിവാഹ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ലണ്ടനിലെ വ്യവസായിയും അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനുമായ ബദര്‍ ശാന്തിമോനാണ് സിന്ധുജോയിയുടെ ഭാവി വരന്‍. കത്തോലിക്കാ സഭയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ശാന്തിമോന്‍ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനാണ്. സഭയുമായുള്ള ബന്ധമാണ് ലണ്ടനിലേയ്ക്ക് വഴി തുറന്നതും ബിസിനസിലെ വിജയത്തിലെത്തിച്ചതുമെന്നത് പരസ്യമായ രഹസ്യമാണ് .ഇനി സിന്ധു ജോയി കൂടെ എത്തുന്നതോടെ ശാന്തിമോന്റെ സുവിശേഷ പ്രഘോഷണത്തിന് മാറ്റുകൂടും.
വിപ്ലവ പ്രസംഗത്തില്‍ നിന്ന് സുവിശേഷ വേലയിലേക്കുള്ള കൂടുമാറ്റം തീരുമാനിച്ചുറപ്പിച്ചാണ് സിന്ധുജോയിയും ഭാവി വരനെ തിരഞ്ഞെടുത്തതും.കോടികളുടെ സമ്പാദ്യമുള്ള ശാന്തിമോന്റെ കൂട്ടായി പഴയ എസ് എഫ് ഐ ക്കാരി എത്തുന്ന വാര്‍ത്ത പലരും ഞെട്ടലയോടെയാണ് കേട്ടത്. ഇരുവരും പരസ്പരം മനസിലാക്കിയാണ് വിവാഹത്തിന് തീരുമാനമെടുത്തതെന്ന് സിന്ധുജോയി അറിയിച്ചിരുന്നു.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതു വലിയ വാര്‍ത്തയായി. സിന്ധു ജോയിയുടെ വിവാഹ നിശ്ചയം എന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കത്തോലിക്ക സഭയുടെ മുഖ പത്രമായ ദീപികയിലും സഭാ ചാനലായ ശാലോം ടെലിവിഷനിലും ഉന്നത സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് സിന്ധു ജോയിയുടെ പ്രതിശ്രുത വരന്‍ ശാന്തിമോന്‍ ജേക്കബ് എന്ന ബിസിനസുകാരന്‍. ബ്രദര്‍ ശാന്തിമോന്‍ എന്ന പേരില്‍ ലോക മലയാളികള്‍ക്കിടയില്‍ സുവിശേഷവുമായി എത്തുന്ന ശാന്തിമോന്‍ വിദേശ മലയാളികള്‍ക്ക് സുപരിചിതനുമാണ്.
ദീപികയുമായി ബന്ധം പിരിഞ്ഞെങ്കിലും ശാലോം ടിവിയിലെ പരിപാടികളില്‍ ശാന്തിമോന്റെ പങ്കുണ്ട്. കത്തോലിക്ക സഭയുടെ പല ബിസിനസ് ഇടപാടുകളിലും ഇയാള്‍ അംഗമാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ശാലോമിന്റെ യൂറോപ്പ് എഡിറ്ററായും ശാന്തിമോന്‍ അറിയപ്പെടുന്നുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സിന്ധു ജോയി ശ്വാശ്രയ കോളെജ് സമരത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. സമരത്തിനിടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് ശരീരത്തില്‍ തറച്ച സിന്ധു അവിടെ കിടന്നും ഇന്‍ ക്വിലാബ് വിളിച്ച് തന്റെ ചങ്കൂറ്റം തെളിയിച്ച് വീറുറ്റസമര പോരാളിയായി. മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയ സിന്ധു വളര്‍ന്നത് എസ്എഫ്ഐയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തക്കാണ്.പിന്നീട് ഉമ്മന്‍ചാണ്ടിയെയും കെ.വി. തോമസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയായി. എസ്എഫ്ഐ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ ആദ്യ പെണ്‍കുട്ടിയും സിന്ധുവായിരുന്നു. വളരെ വേഗം രാഷ്ട്രീയഗോദയില്‍ കഴിവ് തെളിയിച്ച സിന്ധു സിപിഐഎം എറണാകുളം ജില്ലാക്കമ്മിറ്റി അംഗവുമായിരുന്നു.
എന്നാല്‍ വളര്‍ച്ച പോലെ തന്നെ സിന്ധുവിന്റെ താഴ്ച്ചയും അതിവേഗമായിരുന്നു. എസ് എഫ് ഐയില്‍ നിന്ന് പുറത്ത് വന്നതിനുശേഷം ചില ചാനല്‍ പരിപാടികളില്‍ മുഖം കാണിച്ചുവെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയയില്‍ മാത്രമായി ചുരുങ്ങി. രാഷ്ട്രീയമായ ചുവട് മാറ്റങ്ങല്‍ പലതും പിഴയ്ക്കുകയും ചെയ്തു. ഇപ്പോള്‍ വിവാഹ കുടുംബ ജീവിതത്തിലേയ്ക്ക് കടക്കുന്ന സിന്ധു മൊത്തത്തില്‍ മാറുമെന്നുതന്നെയാണ് സുഹൃത്തുക്കളും പറയുന്നത്.
ആത്മീയ കാര്യങ്ങളില്‍ ഒരുമിച്ച പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്കെത്തിയതെന്ന് സിന്ധുതന്നെ തുറന്നു പറഞ്ഞിരുന്നു. ശാന്തിമോനൊപ്പം സുവിശേഷപ്രസംഗ വേദികളിലുണ്ടാകുമോ എന്ന ചോദ്യത്തിന് സിന്ധുനല്‍കിയ മറുപടി ഇങ്ങനെയായിരുന്നുയയയ ”ചെറുപ്പം മുതലേ പള്ളിയോടു ചേര്‍ന്നാണ് വളര്‍ന്നത്… ഇപ്പോഴും ആത്മീയകാര്യങ്ങളില്‍ തത്പരയാണ്… സുവിശേഷം പ്രസംഗിക്കുക എന്നത് പഠിച്ചു ചെയ്യേണ്ട കാര്യമല്ല… ജീവിതത്തിലൂടെയാണത് നിര്‍വഹിക്കേണ്ടത്… അതിനു ദൈവത്തിന്റെ വിളിയുണ്ടായാല്‍ അങ്ങനെ നീങ്ങും.’