
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ഉമ്മൻചാണ്ടിയുടെ സമീപത്തേയ്ക്കു പോയ മുൻ എസ്.എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിക്കു ഭർത്താവിനൊപ്പം വിദേശത്തേയ്ക്കു പോകാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു സംവിധാനം ചെയ്തു കൊടുത്തതിനെച്ചൊല്ലി ട്രോൾ മഴയുമായി സോഷ്യൽ മീഡിയ. സിപിഎം വിട്ട ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ, മറ്റുള്ളവരെയെല്ലാം തല്ലിയോടിച്ചപ്പോൾ സിന്ധു ജോയിക്കും അൽഫോൺസ് കണ്ണന്താനത്തിനും പാർട്ടി നൽകുന്ന സ്വീകരണമാണ് ട്രോൾ മഴയായി മാറിയിരിക്കുന്നത്. പാർട്ടി വിട്ടിട്ടും സിന്ധുവിനെതിരെയുണ്ടായിരുന്ന കേസുകളെല്ലാം സിപിഎം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇതും ട്രോൾ ആക്രമണത്തിനു കാരണമായിട്ടുണ്ട്.
2011-ൽ സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോയ സിന്ധു ജോയിക്ക് പാസ്പോർട്ട് ശരിയാക്കാൻ ഇടപെടൽ നടത്തിയത് പിണറായി സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ഓഫിസാണെന്നു സിന്ധു ജോയി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം വീണ്ടും തലപൊക്കിത്തുടങ്ങിയത്. വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോകാൻ ഇരിക്കുമ്പോഴായിരുന്നു തന്റെ പാസ്പോർട്ടിന്റെ കാലാവധി നാലുവർഷം മുമ്പു അവസാനിച്ച വിവരം ശ്രദ്ധയിൽപെട്ടതെന്ന് ഫെയ്സ് ബുക്ക് കുറിപ്പിൽ സിന്ധു ജോയി പറയുന്നു. പുതിയ പാസ്പോർട്ടിനായി അപേക്ഷിച്ചപ്പോൾ നാലു കേസുകൾ നിലവിലുണ്ടെന്നും പാസ്പോർട്ട് നൽകാനാവില്ലെന്നും അറിയിച്ചു പാസ്പോർട്ട് ഓഫിസിൽനിന്ന് കത്തു വന്നു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെയും കണ്ടു. ഒപ്പം പാസ്പോർട്ട് ഓഫിസിൽനിന്ന് ലഭിച്ച കത്തിൽ പറയുന്ന കേസുകളുടെ വിവരങ്ങളും കൈമാറി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ ബന്ധപ്പെട്ട് കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചു.
രണ്ടു കേസുകൾ തന്റെ പേരിലുള്ളതല്ലായിരുന്നുവെന്നും സിന്ധു പറഞ്ഞു. ഒരു കേസ് നേരത്തെ ഒത്തുതീർപ്പാക്കിയതുമായിരുന്നു. മറ്റൊരു കേസിലെ കോടതിവിധി വിദ്യാർത്ഥികൾക്കനുകൂലവുമായിരുന്നു. ഉത്തരവിട്ട ജഡ്ജി സ്ഥലം മാറിപ്പോയിരുന്നു. ഒടുവിൽ താൻ ആ ഉത്തരവ് പൊലീസ് മേധാവികൾക്ക് കൈമാറുകയും ഓഗസ്റ്റ് ആദ്യവാരത്തിൽ പാസ്പോർട്ട് ലഭിച്ചുവെന്നും സിന്ധുജോയി പറയുന്നു. സഖാവ് പിണറായി വിജയനും സഖാവ് എം.വി. ജയരാജനും നേരിട്ട് ഇടപെട്ടതു കൊണ്ടാണ് എനിക്ക് നീതി ലഭിച്ചതെന്നും സിന്ധു ജോയി ഫെയ്സ് ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ച സിന്ധു ജോയി, ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭയിലേക്കും കെ.വി തോമസിനെതിരെ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നെങ്കിലും പിന്നീട് കോൺഗ്രസിൽ നിന്നും രാജിവച്ചു.